ഊരിലെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ്‌ കലക്ടർ



കൊച്ചി ആദിവാസി ഊരുകളിലെ പ്രശ്നങ്ങൾ നേരിട്ടറിയാനായി കലക്ടർ ജാഫർ മാലിക് കുഞ്ചിപ്പാറ, തലവച്ചപാറ കോളനികളിലെത്തി. ചുമതലയേറ്റശേഷം ആദ്യമായാണ്‌ ഊരുകൾ സന്ദർശിക്കുന്നത്‌. ബ്ലാവന കടത്തിലെത്താൻ റോഡുസൗകര്യമില്ലാത്തതും കുട്ടികളുടെ ഓൺലൈൻ പഠനത്തിലെ പ്രശ്‌നങ്ങളും കാട്ടാനശല്യവുമെല്ലാം ആദിവാസികൾ കലക്ടറോട്‌ പങ്കുവച്ചു. കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്നും കോളേജ്‌ ഹോസ്റ്റലുകൾ തുറക്കണമെന്നും ആവശ്യപ്പെട്ടു. റോഡുവികസനം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർക്ക് കലക്ടർ നിർദേശം നൽകി. ഊരുകളിൽ ആത്മഹത്യാപ്രവണത വർധിക്കുന്നത് തടയാൻ കുടുംബശ്രീ മുഖേന കൗൺസലിങ്‌ നൽകും. ഫോറസ്റ്റ് വാച്ചർ തസ്തികയിലേക്ക് അപേക്ഷിക്കാൻ വിദ്യാർഥികൾക്കു നിർദേശം നൽകി. കുഞ്ചിപ്പാറ ഏകാധ്യാപക വിദ്യാലയവും സന്ദർശിച്ചു. കോളനികളിൽ മാസ്ക്‌ വിതരണം ചെയ്തശേഷമാണ് കലക്ടർ മടങ്ങിയത്. മലയാറ്റൂർ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണ, അസി. കലക്ടർ സച്ചിൻകുമാർ യാദവ്, കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്, എൽആർ തഹസിൽദാർ കെ എം നാസർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അനിൽ ഭാസ്കർ എന്നിവരും ഒപ്പമെത്തി. Read on deshabhimani.com

Related News