അഴുകിയ കോഴിമാലിന്യവുമായി ലോറി പിടിച്ചു; ഡ്രൈവർ അറസ്‌റ്റിൽ



കളമശേരി അഴുകിയതും ദുർഗന്ധം വമിക്കുന്നതുമായ കോഴിയിറച്ചി മാലിന്യവുമായി റോഡരികിൽ നിർത്തിയിട്ട ലോറി ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. കൊട്ടിയം സ്വദേശി വിനോദ് മൈക്കിളിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. എടയാറിലെ ആഷാൻ എക്സ്പോർട്സിലേക്ക് സംസ്കരിക്കാനായി കൊട്ടിയത്തുനിന്ന് കോഴിമാലിന്യം കൊണ്ടുവന്ന ലോറിയാണ് പിടിച്ചത്‌. ബുധൻ പുലർച്ചെ എത്തിയ ലോറി, കമ്പനിക്കകത്ത് സ്ഥലമില്ലെന്ന കാരണത്താൽ റോഡിൽ നിർത്താൻ കമ്പനി അധികൃതർ ഡ്രൈവറോട് ആവശ്യപ്പെട്ടു. വണ്ടി നിർത്തി സ്ഥലത്തുനിന്ന്‌ ഡ്രൈവർ മാറി. ഇതോടെ  ലോറിയിൽനിന്ന് ചോരയും അഴുകിയ മാംസവും റോഡിൽ പരന്നൊഴുകി. ദുർഗന്ധവുമായി. നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. വൈകിട്ട് നാലോടെയാണ് കോഴിമാലിന്യം കമ്പനിയിൽ ഇറക്കി ലോറി കഴുകി ലോറിയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാണ്‌  ഡ്രൈവറെ അറസ്‌റ്റ്‌ ചെയ്‌തതെന്ന്‌ ബിനാനിപുരം എസ്എച്ച്ഒ വി ആർ സുനിൽ പറഞ്ഞു. എടയാർ, ഏലൂർ കിഴക്കുംഭാഗം പ്രദേശങ്ങളിൽ ജനജീവിതം പ്രയാസമാക്കുന്ന വിധത്തിലുള്ള ദുർഗന്ധത്തെ തുടർന്ന് ജനങ്ങൾ പ്രതിഷേധത്തിലാണ്. എടയാറിൽ മാംസം, എല്ല് എന്നിവ സംസ്കരിക്കുന്ന വ്യവസായങ്ങളുണ്ട്. അവിടെ യഥാർഥ ശേഷിയേക്കാൾ പലമടങ്ങ് മാലിന്യങ്ങൾ സംസ്കരിക്കുന്നതാണ് അസഹനീയമായതോതിൽ ദുർഗന്ധമുണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News