നീന തുന്നുകയാണ്‌, 
ജീവൻ തുടിക്കുന്ന ചിത്രങ്ങൾ



അങ്കമാലി തുറവൂർ കളത്തിപ്പറമ്പിൽ നീന വെറുമൊരു നേരംപോക്കിനാണ്‌ തുണിയിൽ ചിത്രങ്ങൾ നെയ്‌തുതുടങ്ങിയത്‌.  ചെറുപ്പംമുതൽ ചിത്രകലയോടുള്ള താൽപ്പര്യവും സമയം നോക്കാതെയുള്ള സമർപ്പണവും സമന്വയിച്ചതോടെ പിറവിയെടുത്തത്‌ മിഴിവാർന്ന നൂറുകണക്കിന്‌ ചിത്രങ്ങൾ. സൂചിയും നൂലും ആയുധമാക്കിയുള്ള ഈ കലാപ്രകടനം നീന തുടങ്ങിയിട്ട്‌ 13 വർഷമായി. എങ്ങനെയെങ്കിലും അതിന്‌ സമയം കണ്ടെത്തും. പുലർച്ചെ മൂന്നുവരെ ഉറങ്ങാതെയിരുന്ന്‌ തുന്നിയ സന്ദർഭങ്ങളുമുണ്ട്.  ദിവസം ശരാശരി അഞ്ചുമണിക്കൂർ ഇതിനായി നീക്കിവയ്ക്കുമെന്നാണ് നീന പറയുന്നത്.  ഫോട്ടോയുടെ സ്കെച്ച് വരച്ചശേഷമാണ് തുന്നൽ. ആനപ്രേമികളുടെ ഹരമായ പള്ളത്താംകുളങ്ങര ഗിരീശൻ, പ്രണയാതുരരായ ശ്രീകൃഷ്ണനും രാധയും എന്നീ ചിത്രങ്ങൾ ഒരുവർഷംകൊണ്ടാണ് തീർത്തത്. വളരെ സൂക്ഷ്മതയോടെയാണ് ഓരോ ചിത്രവും നെയ്തെടുക്കുന്നത്. ക്രിസ്‌തു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സച്ചിൻ തെണ്ടുൽക്കർ, അമൃതാനന്ദമയി, മോഹൻലാൽ, സുരേഷ് ഗോപി, കർഷകസ്ത്രീ, തൃശൂർ പൂരം,  കഥകളിവേഷം, ഡ്രാഗൺ പീകോക്ക് തുടങ്ങി നിരവധി ചിത്രങ്ങൾ നീനയുടെ കരവിരുതിൽ ഇതൾ വിരിഞ്ഞു. ആവശ്യപ്പെടുന്നതനുസരിച്ചും ചിത്രങ്ങൾ തുണിയിൽ നെയ്തുകൊടുക്കാറുണ്ട്. ഇന്നസെന്റിന്റെ ചിത്രം ഒരു ചടങ്ങിൽ നേരിട്ട് നൽകാൻ കഴിഞ്ഞു.  സച്ചിൻ തെണ്ടുൽക്കറിന്  ചിത്രങ്ങൾ നേരിട്ട് നൽകണമെന്ന സ്വപ്‌നം നിലനിൽക്കുന്നു. ഒപ്പം, അങ്കമാലിക്കാരൻകൂടിയായ ചിത്രകാരൻ ബോസ് കൃഷ്ണമാചാരിയെ തന്റെ ചിത്രങ്ങൾ കാണിക്കണമെന്ന ആഗ്രഹവും. അകാലത്തിൽ വിടപറഞ്ഞ ഭർത്താവിൽനിന്ന് ലഭിച്ചിരുന്ന പിന്തുണ നീനയ്‌ക്ക് എന്നും കൂട്ടായുണ്ട്.  ഫോട്ടോഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന ദയാൽ, ദിജിൽ, ദേവി എന്നിവരാണ് മക്കൾ. Read on deshabhimani.com

Related News