ലൈഫ് മിഷൻ കരടുപട്ടിക : 2464 അപ്പീലുകൾ



കൊച്ചി ലൈഫ് മിഷൻ രണ്ടാംഘട്ട കരട് പട്ടികയുടെ ഒന്നാംഘട്ട അപ്പീൽ നൽകാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ ലഭിച്ചത്‌ 2464 അപ്പീലുകളും 24 പരാതികളും. ഭൂവുടമകളായ ഭവനരഹിതരുടെ 1888 അപ്പീലുകൾ ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ 1855, നഗരസഭകളിൽ 29, കൊച്ചി കോർപറേഷനിൽ നാല്‌ എന്നിങ്ങനെയാണ്‌ ലഭിച്ച അപ്പീലുകളുടെ എണ്ണം. ഭൂരഹിതരായ ഭവനരഹിതരുടെ 576 അപ്പീലുകളും ലഭിച്ചിട്ടുണ്ട്‌. ഇതിൽ നഗരസഭകളിൽ 66, കോർപറേഷൻ 23, ബ്ലോക്ക് പഞ്ചായത്തുകളിൽ 487 എന്നിങ്ങനെയാണ്‌ അപ്പീലുകൾ. കോതമംഗലം ബ്ലോക്കിൽനിന്നാണ് ഏറ്റവുമധികം അപ്പീലുകൾ. ഭൂമി സ്വന്തമായുള്ള ഭവനരഹിതരുടെ 381 അപ്പീലുകളും ഭൂരഹിതരും ഭവനരഹിതരുമായവരുടെ 65 അപ്പീലുകളും ഇവിടെനിന്ന്‌ ലഭിച്ചു. കരട് പട്ടികയിൽ അനർഹരുണ്ടെന്നും ഗുണഭോക്തൃ പട്ടികയിലെ മുൻഗണനാക്രമത്തിൽ ആക്ഷേപമുണ്ടെന്നും ചൂണ്ടിക്കാട്ടി 24 പരാതികൾ ലഭിച്ചു. വാഴക്കുളം, വൈപ്പിൻ, ബ്ലോക്കുകളിൽനിന്നാണ് കൂടുതൽ പരാതികൾ. ആദ്യഘട്ട അപ്പീൽ സമർപ്പിക്കാനുള്ള സമയം 17ന് അവസാനിച്ചിരുന്നു. ഇരുപത്തൊമ്പതിനകം അപ്പീലുകൾ തീർപ്പാക്കും. പഞ്ചായത്തുകളിലെ അപ്പീലുകൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അധ്യക്ഷനായ സമിതിയും നഗരസഭകളിലേത് നഗരസഭാ സെക്രട്ടറി അധ്യക്ഷനായ സമിതിയുമാണ്‌ തീർപ്പാക്കുന്നത്. അപ്പീലുകളും ആക്ഷേപങ്ങളും പരിഗണിച്ചശേഷം പുതിയ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലൈ എട്ടുവരെ രണ്ടാംഘട്ട അപ്പീൽ നൽകാം. കലക്ടർ അധ്യക്ഷനായ സമിതിയാണ് രണ്ടാംഘട്ട അപ്പീലുകൾ പരിശോധിക്കുക. കരട് പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. ഈ പട്ടിക വാർഡ് സഭകളും പഞ്ചായത്ത്, നഗരസഭാ ഭരണ സമിതികളും ചർച്ച ചെയ്ത് അംഗീകരിക്കും. ആഗസ്ത്‌ 16ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.   Read on deshabhimani.com

Related News