പെരുമ്പാവൂരിൽ 13 കോടിയുടെ 
നികുതിവെട്ടിപ്പ്‌ പിടിച്ചു



കൊച്ചി ആക്രിക്കച്ചവടത്തിന്റെ മറവിൽ വ്യാജ ബില്ലുകൾ ചമച്ച് വൻ നികുതിവെട്ടിപ്പ്‌. ജിഎസ്‌ടി വകുപ്പ്‌ പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിലാണ് 125 കോടിയുടെ വ്യാജ ബില്ലുകൾ സൃഷ്‌ടിച്ച്‌ 13 കോടിയുടെ നികുതിവെട്ടിപ്പ്‌ നടത്തിയത്‌ കണ്ടെത്തിയത്‌. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരും പെരുമ്പാവൂർ സ്വദേശികളുമായ അസർ അലി, റിൻഷാദ് എന്നിവരുടെയും ഇവരുടെ കൂട്ടാളികളായ രണ്ടുപേരുടെയും വീട്ടിൽ ജിഎസ്‌ടി വകുപ്പ്‌ സായുധ പൊലീസ്‌ സഹായത്തോടെ തിരച്ചിൽ നടത്തി. നികുതിവെട്ടിപ്പ് സംബന്ധമായ ചില രേഖകളും തെളിവുകൾ അടങ്ങുന്ന അഞ്ച്‌ മൊബൈൽഫോണുകളും പിടിച്ചെടുത്തു. സായുധ പൊലീസ് സഹായത്തോടെ സംസ്ഥാന നികുതിവകുപ്പ് ആദ്യമായി നടത്തിയ പരിശോധനയാണിത്.  നികുതിവെട്ടിപ്പ് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർ സി ജി അരവിന്ദിന്റെ നേതൃത്വത്തിൽ ജിഎസ്ടി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ എട്ട്‌ യൂണിറ്റുകൾ അന്വേഷണം ആരംഭിച്ചിരുന്നു. പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലുമായി 12 സ്ഥലങ്ങളിൽ പരിശോധന നടത്തുകയും 10 വ്യാപാരികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. നികുതിവെട്ടിപ്പുസംഘത്തിന്റെ ആസൂത്രകർ അസർ അലി, റിൻഷാദ് എന്നിവരാണെന്ന് കണ്ടെത്തി. പലതവണ സമൻസ്‌ കൊടുത്തെങ്കിലും ഇവർ ഹാജരായില്ല. തുടർന്നാണ് വീടുകളിൽ പരിശോധന നടത്തിയത്‌.  നികുതിവെട്ടിപ്പുസംഘത്തിന്‌ ഹവാല ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായി സായുധ പൊലീസിന്റെ സഹായം തേടാൻ ജിഎസ്‌ടി തീരുമാനിച്ചത്. തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയന്റെ സഹായത്തോടെയായിരുന്നു തിരച്ചിൽ. Read on deshabhimani.com

Related News