എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം 
സംസ്ഥാനതല ഉദ്‌ഘാടനം എറണാകുളത്ത്‌



കൊച്ചി സംസ്ഥാന സർക്കാരിന്റെ വികസനക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന ‘എന്റെ കേരളം മെഗാ പ്രദർശന-വിപണന മേള’യുടെ രണ്ടാംപതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈൻഡ്രൈവിൽ ഏപ്രിൽ മൂന്നിന് രാത്രി ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നീ ആശയങ്ങളിലൂന്നിയുള്ള മേള ഏപ്രിൽ ഒമ്പതുവരെയാണ്. കേരളം ഒന്നാമതെത്തിയ നേട്ടങ്ങളുടെ പ്രദർശനം, ടൂറിസം നേട്ടങ്ങൾ, സർക്കാരിന്റെ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്‌റ്റാളുകൾ, യുവാക്കൾക്ക് സേവനം നൽകുന്ന യൂത്ത് സെഗ്‌മെന്റ്, വിദ്യാഭ്യാസ, തൊഴിൽ, കിഫ്ബി ബ്ലോക്കുകളും വിപണന സ്റ്റാളുകളുമുണ്ടാകും. കലാപരിപാടികളും ഫുഡ്‌കോർട്ടുമുണ്ട്‌. വ്യവസായമന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടകസമിതി രൂപീകരിച്ചു. മികച്ച ഏകോപനത്തോടെയും യുവജനങ്ങളുടേത് ഉൾപ്പെടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കിയുമാണ് മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും  വിവിധ പരിപാടികളും യുവാക്കൾക്കായി മേളയിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.  എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്ണൻ, കെ ജെ മാക്‌സി, ആന്റണി ജോൺ, കലക്ടർ എൻ എസ് കെ ഉമേഷ്, സബ് കലക്ടർ പി വിഷ്ണുരാജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട്‌ എസ് ഷാജഹാൻ, മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ പി ആർ റെനീഷ്, പിആർഡി അഡീഷണൽ ഡയറക്ടർ (ഇൻ ചാർജ്) കെ ജി സന്തോഷ്, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജുവൽ എന്നിവർ  പങ്കെടുത്തു. മന്ത്രി പി രാജീവാണ് സംഘാടകസമിതി മുഖ്യ രക്ഷാധികാരി. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, കൊച്ചി മേയർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ജിസിഡിഎ ചെയർമാൻ എന്നിവർ രക്ഷാധികാരികൾ. കലക്ടറാണ്‌  സംഘാടകസമിതി ചെയർമാൻ. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമാണ്. സബ് കമ്മിറ്റികളും രൂപീകരിച്ചു. മേയ് 20 വരെ മറ്റു ജില്ലകളിലും മേള സംഘടിപ്പിക്കും. Read on deshabhimani.com

Related News