ഈ ബൈക്ക്‌ നിയന്ത്രിക്കാൻ 
മൊബൈൽഫോൺ ധാരാളം



മൂവാറ്റുപുഴ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌) ഉപയോഗിച്ച് മൊബൈൽഫോണിലൂടെ നിയന്ത്രിക്കുന്ന ഇലക്ട്രിക് ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനിയറിങ്‌ കോളേജ് വിദ്യാർഥികൾ. ഇലക്‌ട്രിക്കൽ എൻജിനിയറിങ്‌, കംപ്യൂട്ടർ എൻജിനിയറിങ്‌ വകുപ്പുകളിലെ വിദ്യാർഥികൾ ചേർന്നാണ് ഇലക്ട്രിക് ബൈക്ക് നിർമിച്ചത്. പഴയ ബൈക്ക് വാങ്ങി അതിലുള്ള നിയന്ത്രണസംവിധാനങ്ങൾ ഒഴിവാക്കിയാണ് നിർമാണം. 3000 ആർപിഎംവരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഒന്നരക്കിലോ വാട്‌സ്‌ മോട്ടോറും 25 എച്ച്പി ബാറ്ററിയും ഘടിപ്പിച്ചാണ് ബൈക്ക് നിർമിച്ചത്. രണ്ടുമണിക്കൂറിനകം ബാറ്ററി ചാർജ് ചെയ്യാനാകും. 60 മുതൽ 80 വരെ കിലോമീറ്റർ ദൂരം ബാറ്ററി ഉപയോഗിച്ച് സഞ്ചരിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐഒടി സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമിച്ച സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത മൊബൈൽഫോണിലൂടെ ബൈക്ക് നിയന്ത്രിക്കാം. മോഷണം തടയൽ, റിമോട്ട് കൺട്രോളർ, ജിപിഎസ്, വേഗനിയന്ത്രണം, ബാറ്ററി ചാർജ്നില മനസ്സിലാക്കൽ, ബ്രേക്കിങ്‌ തുടങ്ങിയവ ഇതിലൂടെ സാധ്യമാകും. ഒന്നേകാൽലക്ഷം രൂപ മുടക്കിയാണ്‌ ബൈക്ക് നിർമിച്ചത്. ഇലക്ട്രിക്കൽ എൻജിനിയറിങ്‌ വിഭാഗം അധ്യാപകൻ ലിപിൻ പോളിന്റെ മേൽനോട്ടത്തിൽ വിദ്യാർഥികളായ സംഗീത് മാത്യു, എൽദോ ഷാജു, മോൻസി ബേബി, കംപ്യൂട്ടർ എൻജിനിയറിങ്‌ അധ്യാപിക ഡോ. വദനകുമാരിയുടെ മേൽനോട്ടത്തിൽ വിദ്യാർഥികളായ അനിക്സ് സാം, ആൽബി കാവനാൽ, അലൻ എൽദോ എന്നിവർ ചേർന്നാണ് ഈ ബൈക്ക് നിർമിച്ചത്. Read on deshabhimani.com

Related News