കുഞ്ഞുമുഹമ്മദിന്‌ ഇത്‌ നാടകത്തെ 
വീണ്ടെടുത്ത തെരഞ്ഞെടുപ്പുകാലം



കളമശേരി കോവിഡ് തിരശ്ശീലയിട്ടു എന്നുറപ്പിച്ച നാടകജീവിതം വീണ്ടെടുത്തുനൽകിയ തെരഞ്ഞെടുപ്പുകാലത്തോട് നന്ദി പറയുകയാണ് കുഞ്ഞുമുഹമ്മദ് മുതിരക്കാല എന്ന എഴുപത്തഞ്ചുകാരൻ. പുരോഗമന കലാസാഹിത്യസംഘം കളമശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കലാജാഥയാണ് ഒരുവർഷത്തെ ഇടവേളയ്‌ക്കുശേഷം കുഞ്ഞുമുഹമ്മദിന്റെ നാടകജീവിതത്തിന് പുനർജന്മമേകിയത്. സഹീർ അലി തയ്യാറാക്കിയ ‘പഞ്ചവടിപ്പാല’ത്തിലും സേവ്യർ പുൽപ്പാട്ട് രചിച്ച ‘സുവർണകാല’ത്തിലുമാണ്‌ കുഞ്ഞുമുഹമ്മദ്‌ വേഷമിട്ടത്‌. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഓരോ ദിവസവും നിറഞ്ഞാടിയത് അഞ്ചുവീതം വേദികളിൽ. സംഘത്തിലുണ്ടായിരുന്ന 18 പേർക്കും കുഞ്ഞുമുഹമ്മദാണ്‌ ആവേശം പകർന്നത്‌.‌ എടയാർ ബിനാനി സിങ്കിൽ 2005 വരെ തൊഴിലാളിയായിരുന്നു. കമ്പനി ആഘോഷവേളകളിലെ നാടകങ്ങളിൽ സജീവസാന്നിധ്യമായി. രാത്രി റിഹേഴ്സലും പകൽ ജോലിയുമായി നാടകത്തെ വിടാതെ കൂട്ടി. കമ്പനിയിലെ ജോലി വിട്ടശേഷം കുടുംബ ബിസിനസിലായി ശ്രദ്ധ. കാലടി മോഹനന്റെ  ‘അധ്യാപകനാ’ണ് ആദ്യനാടകം. സഭാകമ്പംമൂലം ഡയലോഗ് തെറ്റി ചുവടുപിഴച്ചാണ് തുടക്കം. അന്ന് സ്റ്റേജിൽ തളർന്നുവീണു, നാടകം മുടങ്ങി. പിന്നീട് ടിപ്ടോപ് അസീസിന്റെ ‘എനിക്ക്‌ ഗുസ്തി പഠിക്കണ്ട’ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. ഹാസ്യവേഷങ്ങളാണ് കൂടുതലും ചെയ്തത്. കാർത്തികേയൻ പടിയത്തിന്റെ  ‘പ്രതി’, ചവറ മുരളിയുടെ ‘സൂര്യകാന്തിപ്പൂക്കളുടെ നൊമ്പരം’ തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയനായി. പ്ലാസ്റ്റിക്കിനെതിരെ തോമസ് തോപ്പിൽക്കുടിയുടെ ഹ്രസ്വചിത്രം, ഷിബിൽ മുഹമ്മദിന്റെ ‘കേശവേട്ടന്റെ മക്കൾ’, പി കെ ശിവദാസിന്റെ ‘സഖാവ്’ തുടങ്ങിയ ലഘുചിത്രങ്ങളിലും പുറത്തിറങ്ങാനിരിക്കുന്ന ‘ഒരു വിളി കാതോർത്ത്’ എന്ന ഹ്രസ്വചിത്രത്തിലും വേഷമിട്ടു. സി എൻ ബാലചന്ദ്രൻ തെരുവുനാടകങ്ങളിലേക്ക് വഴിതിരിച്ചു. ‘തിങ്കൾക്കലമാൻ’, ‘എട്ട്‌ സുന്ദരികളും ഞാനും’ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. ലോക്ക്‌ഡൗൺ വന്നതോടെ നാടകം കെട്ടിപ്പൂട്ടി. ജോൺ ഫെർണാണ്ടസ് എംഎൽഎയുടെ ‘മത്തായിയുടെ മരണം’ റിഹേഴ്‌സൽ നടക്കുകയായിരുന്നു. ഇനി നാടകമൊന്നും കിട്ടില്ലെന്ന്‌ ഉറപ്പിച്ചിരിക്കെയാണ് കലാജാഥയിൽ അംഗമാകുന്നത്. തന്നെ തേടി മികച്ച വേഷങ്ങൾ ഇനിയും എത്തുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുമുഹമ്മദ്. 40 വർഷത്തിലധികമായി കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനായ ഇദ്ദേഹം മികച്ച ഫുട്‌ബോളറുമാണ്. Read on deshabhimani.com

Related News