പടർന്നുപന്തലിച്ച അതിജീവനമാതൃക



ആലുവ ജൈവ അരി, പുട്ടുപൊടി, അവിൽ എന്നുതുടങ്ങി കറിവയ്ക്കാൻ മീൻവരെ വാങ്ങാൻ ആലുവ തുരുത്തിലെ സീഡ് ഫാമിൽ ചെന്നാൽ മതി. 30 ശതമാനം തവിടോടെ പുഴുങ്ങി കുത്തിയ മട്ട, വെള്ള അരി ഇവിടെ കിട്ടും. ഫാമിൽ വളർന്ന മീനും വാങ്ങാം. പെരിയാറിനു നടുവിലെ ആലുവ തുരുത്ത് സംസ്ഥാന വിത്തുൽപ്പാദനകേന്ദ്രം കൂട്ടായ്മയുടെ കരുത്തിലാണ് മഹാപ്രളയത്തെ അതിജീവിച്ചത്. 101 വയസ്സ്‌ പിന്നിട്ട ഇവിടം പ്രളയത്തിന്റെ ഓർമകൾപോലും അവശേഷിപ്പിക്കാത്തവിധം സമൃദ്ധമാണിന്ന്‌. രാജഭരണകാലത്താണ്‌ തുരുത്തിലെ കൃഷിപാഠശാലയുടെ ആരംഭം. സ്വാതന്ത്ര്യാനന്തരം കൃഷിപാഠശാല സംസ്ഥാന സര്‍ക്കാരിന്റെ വിത്തുല്‍പ്പാദനകേന്ദ്രമായി. സംയോജിത കൃഷിരീതിയുള്ള ഇവിടെ 13 ഏക്കറിലാണ് നെൽക്കൃഷി. മൂന്ന് ഏക്കറിലധികം പച്ചക്കറിയും വാഴയും. കാസർകോട്‌ കുള്ളന്‍പശു, മലബാറി ആട്, താറാവ്, കോഴി, മീൻ വളർത്തൽമുതൽ കിയ, റാഗി കൃഷിവരെയുണ്ട്. രക്തശാലി, ജപ്പാൻ വയലറ്റ് തുടങ്ങി പലതരം നെല്ലിനങ്ങളുടെ തത്സമയ നെൽക്കൃഷി മ്യൂസിയവുമുണ്ട്‌. ജൈവ കീടനാശിനികളാണ് സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയുമായി ചേർന്ന് മാതൃകാ സംയോജിത ജൈവകൃഷി പാഠശാലയാക്കുന്നതിനായി ‘പാക്കേജ് ഓഫ് പ്രാക്ടീസ്' ആരംഭിച്ചു. ആലുവ പാലസിനോട് ചേര്‍ന്ന് ജൈവവിപണന കേന്ദ്രത്തിന് പദ്ധതിയുണ്ട്. ഫാം ടൂറിസത്തിനായി പെരിയാറിന്റെ തീരത്ത് ചെറുകൂടാരങ്ങളും ഏറുമാടവും ഒരുക്കി. യാത്രാബോട്ട്, പെരിയാറിനും തൂമ്പാതോടിനും ഇടയില്‍ ഫ്ലോട്ടിങ് ജെട്ടികള്‍, സംരക്ഷണഭിത്തി, ദേശം ഭാഗത്തുനിന്ന്‌ പാലം എന്നിവയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ജൈവ അരി കൂടാത, റാഗി, പുട്ടുപൊടി, അവിൽ, പച്ചക്കറികൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, മീൻ, നെൽവിത്തുകൾ, ജൈവ കീടനാശിനികൾ എന്നിവ ഫാമിലെ വിപണനകേന്ദ്രത്തിൽ ലഭിക്കും. ഫാം ഓഫീസർക്കുള്ള അവാർഡ് നേടിയ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലിസിമോൾ ജെ വട്ടക്കൂട്ടിനാണ് ചുമതല.  മികച്ച ഫാമിനുള്ള സംസ്ഥാന പുരസ്കാരവും തുരുത്ത് വിത്തുൽപ്പാദനകേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News