കണ്ണിൽപ്പെടാത്ത ജീവിതങ്ങളെ നാരായൻ 
സമൂഹത്തിലേക്ക്‌ എത്തിച്ചു: അശോകൻ ചരുവിൽ



കൊച്ചി വ്യവസ്ഥിതിയുടെ കണ്ണിൽപ്പെടാത്ത ജീവിതങ്ങളെയും സംസ്കാരത്തെയും പൊതുസമൂഹത്തിന്റെ ഭാഗമാക്കിയ എഴുത്തുകാരനാണ് നാരായനെന്ന് അശോകൻ ചരുവിൽ പറഞ്ഞു. നാരായന്റെ മരണത്തിൽ അനുശോചിച്ച്‌ എളമക്കര പുന്നയ്‌ക്കലിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരികമായും സാമൂഹ്യമായും സ്വന്തം സംസ്കാരമുള്ളവരാണ്‌ ആദിവാസി സമൂഹം. അവരുടെ ഭാഗത്തുനിന്ന്‌ ആ ജീവിതം സാഹിത്യത്തിലേക്ക്‌ കൊണ്ടുവന്ന്‌ അതിനെ ആത്മാർഥമായും സർഗാത്മകമായും ആവിഷ്കരിക്കാൻ നാരായന്‌ കഴിഞ്ഞു. സാഹിത്യംപോലെ സമഗ്രമായി ജീവിതങ്ങളുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലാൻ മറ്റു പ്രസ്ഥാനങ്ങൾക്ക് കഴിയില്ല. ശരിയായ രീതിയിൽ അത്തരം ജീവിതങ്ങൾ മനസ്സിലാക്കാനും ആവിഷ്കരിക്കാനും കഴിഞ്ഞ എഴുത്തുകാരനാണ് നാരായൻ. അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ്‌ അദ്ദേഹം ആവിഷ്കരിച്ചത്‌. നിരവധി പ്രശ്നങ്ങൾ അതിജീവിച്ചാണ് എഴുതിയത്. ഇനിയും ഒരുപാട് സൃഷ്ടികൾ പ്രതീക്ഷിച്ചിരുന്നുവെന്നും അശോകൻ ചരുവിൽ പറഞ്ഞു. യോഗത്തിൽ ഷാജി ജോർജ് പ്രണത അധ്യക്ഷനായി. മേയർ എം അനിൽകുമാർ, രവി കുറ്റിക്കാട്, എ കെ പുതുശേരി, ജോഷി ഡോൺബോസ്കോ, ഡി ആർ രാജേഷ്, നിഷാദ് ബാബു, അനാരി കൃഷ്ണൻകുട്ടി, നാരായന്റെ മകൻ സന്തോഷ്, എം കെ സുനിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News