താളം മുറുക്കി ആരവക്കൂട്ടം ; നാസിക്‌ ഡോലിൽ താളമിട്ട്‌ അഞ്ചംഗ വിദ്യാർഥി സംഘം



തൃക്കാക്കര തിമിർത്തു പെയ്യുന്ന മഴയെ കൂസാതെ കൊട്ടിക്കയറുകയാണ്‌ ആവേശക്കൂട്ടങ്ങൾ. ഡോ. ജോ ജോസഫിന്റെ വാഹന പര്യടനത്തിൽ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നാസിക്‌ ഡോലിൽ താളമിട്ട്‌ ആവേശം ഇരട്ടിപ്പിച്ചത്‌ അഞ്ചംഗ വിദ്യാർഥി സംഘം.  പാലച്ചുവട്‌ മലർവാടി വാദ്യസംഘത്തിലെ അംഗങ്ങളായ മുഹമ്മദ്‌ സഫ്‌വാൻ, നവീൻ കൃഷ്‌ണ, നിഖിദേഷ്‌ ഷിബു, മുഹമ്മദ്‌ ഫാരിസ്‌, ആദിൽ ബിജു എന്നിവരാണ്‌ പെട്ടി ഓട്ടോയിൽ സഞ്ചരിച്ച്‌ പര്യടനത്തിന്‌ താളമിട്ടത്‌. രാവിലെ ആറരയ്‌ക്ക്‌ എത്തിയതാണെന്ന്‌ സംഘം പറഞ്ഞു. ആദിൽ എട്ടാം ക്ലാസുകാരനാണ്‌. ബാക്കി എല്ലാവരും പത്താം ക്ലാസുകാർ. മഴ കനത്തതോടെ ആശങ്ക ഉണ്ടായെങ്കിലും ജനങ്ങളുടെ ആവേശം കണ്ടപ്പോൾ എല്ലാം മറന്നു – -ആദിൽ പറഞ്ഞു. നാട്‌ പറഞ്ഞു, 
സെഞ്ചുറിയടിക്കണം തൃക്കാക്കരയിൽ വിജയിച്ച് നിയമസഭയിൽ എൽഡിഎഫിന്റെ നൂറാമനാകാൻ ഡോ. ജോ ജോസഫിന്‌ നാടിന്റെ സ്‌നേഹാശംസ.   100 എന്ന ഇൻസ്‌റ്റലേഷനുമുന്നിൽ അണിനിരക്കാൻ സ്വന്തം ബൂത്തായ കമ്പിവേലിക്കകത്ത് വോട്ടർമാർ മത്സരിച്ചപ്പോൾ ഡോ. ജോ വികാരാധീനനായി.  മുത്തുക്കുടയും ബാൻഡ് മേളവും മുദ്രാവാക്യം വിളികളുമായി ഒത്തുകൂടിയ നജീബിനെയും സുബൈറിനെയും സുബൈദയെയുമൊക്കെ ഡോക്ടർ പേരുവിളിച്ച്‌ അടുത്തുനിർത്തി.  എല്ലാവരും വർഷങ്ങളായി അറിയുന്നവർ.  നാടൊരുക്കിയ സ്വീകരണത്തിന്‌ നന്ദിപറഞ്ഞപ്പോൾ ഡോക്ടറുടെ വാക്കുകൾ ഇടറി. വർഷങ്ങളായ വികസനമുരടിപ്പിന് പോളിങ് ബൂത്തിൽ മറുപടി നൽകണമെന്ന്‌ അഭ്യർഥന. വിളിച്ചാൽ  ഓടിയെത്തുമെന്ന വാഗ്‌ദാനം. തനിക്ക് കിട്ടിയ പൂക്കളും മാലകളും അവർക്ക് നൽകിയും കൂടെനിന്ന് സെൽഫിയെടുത്തും സ്‌നേഹാന്വേഷണങ്ങൾ പങ്കുവച്ചുമാണ്‌ സ്ഥാനാർഥി മടങ്ങിയത്‌.     Read on deshabhimani.com

Related News