വലനിറയ്‌ക്കാൻ പെൺപട ഒരുങ്ങുന്നു

എറണാകുളം വനിതാ ഫുട്ബോൾ അക്കാദമിയുടെ ജേഴ്സി പി വി ശ്രീനിജിൻ എംഎൽഎ ഒ കെ വിനീഷിന് നൽകി പ്രകാശിപ്പിക്കുന്നു


കൊച്ചി സംസ്ഥാന സ്പോർട്സ് കൗൺസിലിനുകീഴിൽ രൂപീകരിച്ച എറണാകുളം വനിതാ ഫുട്ബോൾ അക്കാദമി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലായി മൂന്ന് അക്കാദമികളാണ് നാടിന് സമർപ്പിച്ചത്. എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലിനുകീഴിലുള്ള പനമ്പിള്ളിനഗർ സ്റ്റേഡിയമാണ് വനിതാ ഫുട്ബോൾ അക്കാദമി പരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 14 വയസ്സിനുതാഴെയുള്ള 20 പെൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പ്രവേശനം. വിദഗ്ധരാണ് പ്രത്യേക ക്യാമ്പിലൂടെ സോണുകൾ തിരിച്ച് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നത്. കായികതാരങ്ങൾക്ക് താമസ, ഭക്ഷണസൗകര്യം ഒരുക്കിയിട്ടുണ്ട്. മികച്ച ദേശീയ, അന്തർദേശീയ പരിശീലകരെ ഉൾപ്പെടുത്തും. എറണാകുളം പനമ്പിള്ളിനഗറിൽ നടന്ന ചടങ്ങിൽ പി ടി തോമസ് എംഎൽഎ അക്കാദമിയുടെ തീം സോങ് പ്രകാശിപ്പിച്ചു. പി വി ശ്രീനിജിൻ എംഎൽഎ ജേഴ്സിയും ഹൈബി ഈഡൻ എംപി സ്പോർട്സ് കൗൺസിൽ ലോഗോയും പ്രകാശിപ്പിച്ചു.  ഐ എം വിജയൻ, സി വി സീന, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ്,  കൊച്ചി നഗരസഭാംഗങ്ങളായ മാലിനി കുറുപ്പ്, അഞ്ജന രാജേഷ്‌, കെ പി ലതിക, ആന്റണി പൈനുന്തറ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജെ ആർ രാജേഷ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News