കാറ്റിൽപ്പെട്ട മീൻപിടിത്തവള്ളങ്ങൾ കരിങ്കൽഭിത്തിയിൽ ഇടിച്ച്‌ തകർന്നു



മട്ടാഞ്ചേരി ശക്തമായ കാറ്റിൽ അകപ്പെട്ട മീൻപിടിത്തവള്ളങ്ങൾ തീരത്തെ കരിങ്കൽഭിത്തിയിൽ ഇടിച്ച് തകർന്നു. വ്യാഴം രാവിലെ ഒമ്പതിന്‌ ഫോർട്ട്‌ കൊച്ചി ദ്രോണാചാര്യയ്ക്ക് പടിഞ്ഞാറാണ്‌ സംഭവം. വൈപ്പിൻ മാലിപ്പുറം സ്വദേശി ജോഷിയുടെ ഉടമസ്ഥതയിലുള്ള തമ്പുരാൻ, വല്ലാർപാടത്തമ്മ എന്നീ വള്ളങ്ങളാണ് തകർന്നത്‌. വള്ളത്തിലുണ്ടായിരുന്ന പി വി സജീവൻ, കെ വി സജീവൻ, ജോഷി, സിദ്ധാർഥൻ, അനീഷ്, വിജീഷ്, ഭാസി എന്നീ മത്സ്യത്തൊഴിലാളികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. മീൻപിടിക്കുമ്പോൾ കാറ്റിൽ അകപ്പെട്ട് നിയന്ത്രണം വിട്ട് ഒഴുകിയ വള്ളങ്ങൾ  ദ്രോണാചാര്യയുടെ കരിങ്കൽഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഉടൻ നാവികസേനാ അധികൃതർ രക്ഷാപ്രവർത്തനം നടത്തി. മത്സ്യത്തൊഴിലാളികളെ കരയ്‌ക്കെത്തിച്ചു. തുടർന്ന്‌, പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. ഇടിക്കുന്നതിനുമുമ്പ് രണ്ട് വള്ളങ്ങളിലുമായി ഉണ്ടായിരുന്ന ഏഴ് തൊഴിലാളികൾ കടലിൽ ചാടി രക്ഷപ്പെട്ടു. തമ്പുരാൻ എന്ന വള്ളമാണ് ആദ്യം തിരയിൽ അകപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനെത്തിയതാണ്‌ വല്ലാർപാടത്തമ്മ. 2018ൽ പ്രളയമുണ്ടായപ്പോൾ കൊച്ചിയിൽനിന്ന്‌ ആദ്യമായി രക്ഷാപ്രവർത്തനത്തിന് പോയ വള്ളമാണ് തമ്പുരാൻ. Read on deshabhimani.com

Related News