പെരുമ്പാവൂരിൽ ഊരാക്കുരുക്ക്‌; ദുരിതയാത്ര



പെരുമ്പാവൂർ ഗതാഗതക്കുരുക്ക്‌ രൂക്ഷമായ പെരുമ്പാവൂരിൽ, മഴ കനത്തതോടെ യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. ആംബുലൻസിനുപോലും കടന്നുപോകാനാകാതെ എഎം റോഡിലും എംസി റോഡിലും അരക്കിലോമീറ്ററിലധികം നീളുന്ന കുരുക്ക്‌ പതിവുകാഴ്‌ചയായി. മറ്റുവാഹനങ്ങളെ നിയമം ലംഘിച്ച്‌ മറികടക്കുന്നവരും വൺവേ സംവിധാനം തെറ്റിക്കുന്നവരുമാണ്‌ കുരുക്ക്‌ രൂക്ഷമാക്കുന്നത്‌. കാലടി കവല, ഔഷധി, ഗാന്ധി സ്ക്വയർ, പുഷ്പ, താലൂക്കാശുപത്രി എന്നീ ജങ്ഷനുകളിലെല്ലാം വാഹനങ്ങൾക്ക് കടന്നുപോകാനാകാതെ കുരുങ്ങിക്കിടക്കുകയാണ്. കാലടിയിൽനിന്ന്‌ കുരുക്കഴിഞ്ഞുവരുന്ന വാഹനങ്ങൾ പെരുമ്പാവൂർ പട്ടണത്തിലേക്കു പ്രവേശിക്കാൻ ഒരുകിലോമീറ്ററകലെമുതൽ ബ്ലോക്കിൽ കിടക്കണം. എല്ലാ ജങ്ഷനുകളിലും രണ്ടു പൊലീസുകാർവീതം ദിവസവും ഡ്യൂട്ടിക്കുണ്ടെങ്കിലും വാഹനങ്ങൾ നിയമം ലംഘിച്ച് കുരുക്കുണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കാനാകാത്തവിധം തിരക്കാണ്.  കാലടി കവലയിൽ സിഗ്നൽ തെളിഞ്ഞാൽപോലും വാഹനങ്ങൾക്ക് കടന്നുപോകാനാകുന്നില്ല. നഗരത്തിലെ പ്രധാന റോഡുകളായ എഎം റോഡിലും എംസി റോഡിലും ഗതാഗതാക്കുരുക്ക് അനുഭവപ്പെട്ടാൽ ഇടറോഡുകളെയും ബാധിക്കും. ആലുവ ഭാഗത്തുനിന്ന്‌  മൂവാറ്റുപുഴയ്ക്ക് പോകേണ്ട വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ കടന്നുപോകാനായി തയ്യാറാക്കിയ ബൈപാസ്‌ കടലാസിൽ ഒതുങ്ങി. സംസ്ഥാന സർക്കാർ 240 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ജനരോഷം വ്യാപകമാണ്. റിങ് റോഡ് പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. Read on deshabhimani.com

Related News