ഇനി മുടങ്ങില്ല കുടിവെള്ളം ; ആലുവയിൽ പുതിയ ശുദ്ധീകരണിക്ക്‌ 130 കോടി



കൊച്ചി ആലുവയിൽ സ്ഥാപിക്കുന്ന അത്യാധുനിക കുടിവെള്ള ശുദ്ധീകരണശാല ഭാവിയിലെയും ജില്ലയുടെ കുടിവെള്ള ആവശ്യത്തിന്‌ പരിഹാരമാകും. പ്രതിദിനം 290 എംഎൽഡി വരെ പെരിയാർ ജലം ശുദ്ധീകരിക്കുന്ന പ്ലാന്റിന്‌ പുറമെയാണ്‌ 143 എംഎൽഡി ശേഷിയുള്ള അത്യാധുനിക പ്ലാന്റ്‌ വരുന്നത്‌. പുതിയ പ്ലാന്റ്‌ സ്ഥാപിക്കാനാവശ്യമായ 130 കോടി രൂപ കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. അനുബന്ധ ആവശ്യങ്ങൾക്കായി  2019ൽ 50 കോടി രൂപ അനുവദിച്ചതിനുപുറമെയാണിത്‌. കൊച്ചി കോർപറഷൻ, സമീപത്തെ അഞ്ച്‌ നഗരസഭകൾ, 13 പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങൾക്കാണ്‌ പുതിയ പ്ലാന്റിന്റെ പ്രയോജനം ലഭിക്കുക. കൊച്ചി കോർപറേഷനിലെ 74 ഡിവിഷനുകൾക്കും കളമശേരി, ഏലൂർ, ആലുവ, തൃക്കാക്കര, മരട് നഗരസഭകൾക്കും എടത്തല, കീഴ്‌മാട്, ചൂർണിക്കര, നായരമ്പലം, എളങ്കുന്നപ്പുഴ, ഞാറക്കൽ, ചെല്ലാനം, കുമ്പളങ്ങി, ചേരാനല്ലൂർ, മുളവുകാട്, വരാപ്പുഴ, കുമ്പളം, കടമക്കുടി പഞ്ചായത്തുകൾക്കും പ്രയോജനം ലഭിക്കും. ആലുവയിൽ വാട്ടർ അതോറിറ്റിയുടെ ക്വാർട്ടേഴ്‌സ്‌ സ്ഥിതിചെയ്യുന്ന മൂന്നര ഏക്കറിലാണ്‌ പ്ലാന്റ്‌ സ്ഥാപിക്കുന്നത്‌. പഴക്കംചെന്ന ക്വാർട്ടേഴ്‌സ്‌ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ സ്ഥലത്ത്‌ സർവേ നടപടി തുടങ്ങി.  ടെൻഡർ പൂർത്തിയാക്കി ഉടൻ നിർമാണമാരംഭിക്കുന്ന പ്ലാന്റ്‌ രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. വളരെക്കുറച്ചുമാത്രം സ്ഥലം ഉപയോഗപ്പെടുത്തി സ്ഥാപിക്കാവുന്ന പ്ലാന്റാണ്‌ വരുന്നത്‌. ആധുനിക ശുദ്ധീകരണ സംവിധാനമായതിനാൽ പ്ലാന്റിന്റെ പ്രവർത്തനത്തിൽ തടസ്സമുണ്ടാകില്ല. പെരിയാറിൽ പലപ്പോഴും കലക്കവെള്ളം വരുന്നത്‌ നിലവിലെ പ്ലാന്റിനെ ബാധിച്ചിരുന്നു. കലങ്ങിയ വെള്ളവും തടസ്സമില്ലാതെ ശുദ്ധീകരിക്കാൻ പുതിയ പ്ലാന്റിനാകുമെന്ന്‌ സൂപ്രണ്ടിങ് എൻജിനിയർ ജോച്ചൻ ജോസഫ്‌ പറഞ്ഞു. സൂപ്പർ പൾസേറ്റർ ടെക്നോളജിയിലാണ്‌ പുതിയ പ്ലാന്റിന്റെ പ്രവർത്തനം. ഏരിയേറ്ററുകൾ, ക്ലാരിഫയർ, ഫിൽട്ടറുകൾ, ക്ലോറിൻ കോണ്ടാക്ട് ടാങ്ക്, റിസർവോയർ, സ്ലഡ്ജ് ട്രീറ്റ്മെന്റ്, കെമിക്കൽ ഹൗസ്, സ്ലഡ്ജ് ലഗൂണുകൾ എന്നിവയാണ് സൂപ്പർ പൾസേറ്റർ ടെക്‌നോളജിയുടെ ഭാഗമായി വരിക. 300 കോടിയുടെ ബൃഹത്‌പദ്ധതിക്കാണ് 2019 ഒക്ടോബറിൽ ഭരണാനുമതി ലഭിച്ചത്. അതിൽ 50 കോടിരൂപ ആദ്യഘട്ടമായി ലഭിച്ചു. അത്‌ ചെലവഴിച്ചുള്ള അനുബന്ധപ്രവർത്തനങ്ങൾ പൂർത്തീകരണത്തിലാണ്‌. പ്ലാന്റ്‌ സ്ഥാപിക്കാൻ ഇപ്പോൾ അനുവദിച്ച 130 കോടി രൂപ മതിയാകും. ജില്ലയുടെ ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യത്തിന്‌ പുതിയ പ്ലാന്റ്‌ ധാരാളമായിരിക്കുമെന്ന്‌ ജോച്ചൻ ജോസഫ്‌ പറഞ്ഞു. നിലവിലെ 225 എംഎൽഡി ശേഷിയുള്ള പ്ലാന്റിൽ 290 എംഎൽഡി വരെ ജലം ശുദ്ധീകരിക്കുന്നുണ്ട്‌. എന്നിട്ടും കുടിവെള്ള ദൗർലഭ്യതയുണ്ട്‌. പുതിയ പ്ലാന്റ്‌ പ്രവർത്തനമാരംഭിക്കുന്നതോടെ ശുദ്ധീകരണശേഷി ഇരട്ടിയോളമാകും. അത്രയും വെള്ളത്തിന്റെ ആവശ്യം ഇപ്പോഴില്ല. ജില്ലയുടെ വരുംകാലത്തെ ആവശ്യങ്ങൾക്കും ഈ പ്ലാന്റ്‌ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News