നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ



ആലുവ മോഷണക്കേസിൽ തൂത്തുക്കുടി ലക്ഷ്‌മിപുരം നോർത്ത് സ്ട്രീറ്റിൽ കനകരാജ് (40) ആലുവ പൊലീസിന്റെ പിടിയിലായി. ആലുവ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ തുടർച്ചയായി മോഷണം നടത്തുന്നതിനിടെയാണ്‌ പിടിയിലായത്. റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് രാത്രിയാണ് ഇയാളെ പിടികൂടിയത്. സമീപദിവസങ്ങളിലായി ആലുവയിലെ തുണിക്കടയിലും ഇലക്ട്രിക് ഷോപ്പിലും മോഷണം നടത്തിയത് കനകരാജാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. 1999ലാണ് ഇയാൾ അവസാനമായി പൊലീസ് പിടിയിലായത്. തുടർന്ന് കനകരാജ് കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണങ്ങൾ നടത്തിയെങ്കിലും 22 വർഷത്തിനുശേഷമാണ് പൊലീസ്‌ പിടിയിലാകുന്നത്. മോഷണം നടത്തേണ്ട സ്ഥലം പകൽ കണ്ടുവച്ച് രാത്രി കടയുടെ ഷട്ടറിനോട് ചേർന്ന് തുണിവിരിച്ച് കിടക്കും. തുടർന്ന്‌ താഴ്‌ മുറിച്ചുമാറ്റി മോഷണം നടത്തും.  കായംകുളം, തൃശൂർ ഈസ്റ്റ്, ആലപ്പുഴ സൗത്ത്, നോർത്ത്, എറണാകുളം സെൻട്രൽ, പാലാരിവട്ടം, തിരുനെൽവേലി, കോയമ്പത്തൂർ, കുലശേഖരം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണം നടത്തിയിട്ടുണ്ട്. സ്ഥിരമായി ഒരു സ്ഥലത്ത്‌ നിൽക്കാതെ യാത്ര ചെയ്ത് മോഷണം നടത്തുന്നതാണ്‌ ഇയാളുടെ രീതി.  മോഷണവസ്തുക്കൾ വിറ്റുകിട്ടുന്ന പണം ലഹരിവസ്തുക്കൾ വാങ്ങുന്നതിനും ആർഭാടജീവിതത്തിനുമാണ് ഉപയോഗിക്കുന്നത്. ആലുവ എസ്എച്ച്ഒ സി എൽ സുധീർ, എസ്ഐമാരായ ആർ വിനോദ്, രാജേഷ് കുമാർ, എഎസ്ഐ സോജി, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, അമീർ, സജീവ്, ഹാരിസ് തുടങ്ങിയവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്. ആലുവയിൽ പട്രോളിങ്ങിന് കൂടുതൽ പൊലീസ്‌ ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന്‌ എസ്‌പി  കെ കാർത്തിക് അറിയിച്ചു. Read on deshabhimani.com

Related News