പ്ലസ്ടുവില്‍ ഒന്നാമത്; വിഎച്ച്എസ്ഇ വിജയശതമാനം കുറഞ്ഞു



കൊച്ചി > കോവിഡ് ഭീതിയില്‍ പതറാതെ പ്ലസ്ടു പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും കൂടിയ വിജയശതമാനം സ്വന്തമാക്കി എറണാകുളം ജില്ല. 89.02 ശതമാനം വിജയത്തോടെയാണ് ജില്ല അഭിമാനനേട്ടം സ്വന്തമാക്കിയത്.  202 സ്‌കൂളുകളില്‍നിന്നായി 31,700 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതി. ഇതില്‍ 28,220 വിദ്യാര്‍ഥികളും വിജയിച്ചു. 16 പേര്‍ മുഴുവന്‍ മാര്‍ക്ക് നേടി. മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇത്തവണ വര്‍ധനയുണ്ടായി. 1909 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എ പ്ലസ് നേട്ടത്തില്‍  മൂന്നാംസ്ഥാനത്താണ് ജില്ല. 17 സ്‌കൂളുകളാണ് ജില്ലയില്‍നിന്ന്‌ 100 ശതമാനം വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഒരു സ്‌പെഷ്യല്‍ സ്‌കൂള്‍ ഉള്‍പ്പെടെ ഏഴ് സ്‌കൂളുകള്‍ക്കുകൂടി 100 ശതമാനം വിജയം നേടാനായി. കഴിഞ്ഞവര്‍ഷം 85.85 ശതമാനം വിജയത്തോടെ നാലാം സ്ഥാനത്തായിരുന്നു ജില്ല. മുന്‍വര്‍ഷം പരീക്ഷയെഴുതിയ 31,895 വിദ്യാര്‍ഥികളില്‍ 27,383 പേരാണ് വിജയിച്ചത്. 2019ല്‍ 1395 പേർ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എൺപത്തഞ്ച്‌ ശതമാനം വിജയത്തോടെ ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തിലും മികച്ച നേട്ടം കരസ്ഥമാക്കി. പോയവര്‍ഷം 71.33 ശതമാനം മാത്രമായിരുന്നു വിജയശതമാനം. ഇത്തവണ പരീക്ഷയെഴുതിയ 426 കുട്ടികളില്‍ 387 പേരും ഉന്നതപഠനത്തിന് യോഗ്യത നേടി. 21 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കി. ഈ വിഭാഗത്തില്‍ സംസ്ഥാനത്തൊട്ടാകെ ആകെ 37 പേര്‍ക്കുമാത്രമാണ് ഈ നേട്ടം. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 1243 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 51.77 ആണ് വിജയശതമാനം. 2401 പേരാണ് ആകെ പരീക്ഷയെഴുതിയത്. ഒമ്പതുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിഎച്ച്എസ്ഇ വിജയശതമാനം കുറഞ്ഞു ജില്ലയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജയശതമാനം കുറഞ്ഞു. ഇത്തവണ പാര്‍ട്ട് ഒന്നിലും രണ്ടിലും വിജയിച്ച് 80.77 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേഡ്, സ്‌കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടാനായത്. പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലും വിജയിച്ച് 72.96 ശതമാനം ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം ഗ്രേഡ്, സ്‌കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 85.78 ശതമാനവും ഉപരിപഠനത്തിന് 77.31 ശതമാനവും അര്‍ഹരായിരുന്നു. ഇത്തവണ 1997 കുട്ടികള്‍ പരീക്ഷയെഴുതി. ഇതില്‍ 1613 പേര്‍ ഗ്രേഡ്, സ്‌കില്‍ സര്‍ട്ടിഫിക്കറ്റുകളും 1457 പേര്‍ ഉപരിപഠനത്തിനും യോഗ്യത നേടി. ഞാറയ്ക്കല്‍ ഗവ. വിഎച്ച്എസ്എസ്, മൂവാറ്റുപുഴ ടിടി വിഎച്ച്എസ്എസ്, കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് എന്നീ സ്‌കൂളുകള്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും 100 ശതമാനം വിജയം നേടി. ഞാറയ്ക്കല്‍ ഗവ. വിഎച്ച്എസ്എസില്‍നിന്ന് 29ഉം കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസില്‍നിന്ന് 25ഉം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. മൂവാറ്റുപുഴ ടിടി വിഎച്ച്എസ്എസില്‍നിന്ന് അക്കൗണ്ടന്‍സി ആന്‍ഡ് ടാക്‌സേഷന്‍ കോഴ്‌സില്‍ 26ഉം മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സില്‍ 29ഉം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. Read on deshabhimani.com

Related News