ചന്ദനത്തടി കേസ്‌: പ്രതികൾ റിമാൻഡിൽ



കൊച്ചി> പത്തുലക്ഷത്തിന്റെ ചന്ദനത്തടി പിടികൂടിയ കേസിലെ അഞ്ചു പ്രതികളെ റിമാൻഡ്‌ ചെയ്‌തു. ഇവരെ കസ്‌റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്‌ച വനംവകുപ്പ്‌ പെരുമ്പാവൂർ കോടതിയിൽ അപേക്ഷ നൽകും. പനമ്പിള്ളി നഗറിൽ വീട്‌ വാടകയ്ക്കെടുത്ത് ചന്ദനത്തടിക്കച്ചവടം നടത്തിയ ഇടുക്കി സ്വദേശികളായ തൊടുപുഴ മുതുപ്ലാക്കൽ സാജു സെബാസ്റ്റ്യൻ, അടിമാലി വെള്ളാപ്പിള്ളി നിഷാദ്, കുരങ്ങാട്ടി കൂട്ടലാനിക്കൽ കെ ജി സാജൻ, ആനവിരട്ടി കാടയം റോയി, കോഴിക്കോട് സ്വദേശി കൂടത്തായ് പുളിക്കൽ സിനു തോമസ് എന്നിവരാണ്‌ പിടിയിലായത്‌. ഇടുക്കിയിലെ വ്യക്തിയുടെ പുരയിടത്തിൽനിന്നാണ്‌ ചന്ദനം വെട്ടിയെടുത്തതെന്നാണ്‌ പ്രതികൾ പറയുന്നത്‌.  എന്നാൽ, വാങ്ങിയതാണോ മോഷ്‌ടിച്ചതാണോയെന്ന്‌ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌താലേ സ്ഥിരീകരിക്കാനാകൂ എന്ന്‌ കോടനാട്‌ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസർ ജിയോ ബേസിൽ പോൾ പറഞ്ഞു.  ചന്ദനം മോഷണം പോയതുസംബന്ധിച്ച്‌ പരാതിയുണ്ടോയെന്നും പരിശോധിക്കണം. സ്ഥലത്ത്‌ തെളിവെടുപ്പ്‌ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചന്ദനത്തടി വാങ്ങാനെന്ന വ്യാജേന എത്തിയാണ്‌ എറണാകുളം ഫോറസ്റ്റ് ഇന്റലിജൻസ് ശനിയാഴ്‌ച  പ്രതികളെ കുടുക്കിയത്‌. അറസ്‌റ്റിലായവരെ തുടരന്വേഷണത്തിനായി കോടനാട്‌ റേഞ്ച്‌ ഓഫീസിന്‌ കൈമാറിയിരുന്നു. Read on deshabhimani.com

Related News