കളമശേരിയിൽ 10 തുമ്പൂർമുഴി മാലിന്യസംസ്കരണ യൂണിറ്റുകൾ ; ഏലൂരിനെ മാതൃകയാക്കും



കളമശേരി വീടുകളിലെ ജൈവമാലിന്യം ശേഖരിക്കൽ ജൂൺ അഞ്ചോടെ അവസാനിപ്പിക്കണമെന്ന സർക്കാർ നിർദേശം നടപ്പാക്കാൻ കളമശേരി നഗരസഭ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനായി ഏലൂർ മാതൃകയിൽ നഗരസഭയുടെ വിവിധഭാഗങ്ങളിൽ 10 തുമ്പൂർമുഴി മാലിന്യസംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതുസംബന്ധിച്ച് ജില്ലാ പ്ലാനിങ് ബോർഡ്‌ അംഗം ജമാൽ മണക്കാടൻ അവതരിപ്പിച്ച നിർദേശം നഗരസഭ ഏകകണ്ഠമായി അംഗീകരിച്ചു. പ്രവർത്തന മേൽനോട്ടത്തിന്‌ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സ്ഥിരംസമിതി അധ്യക്ഷർ എന്നിവരുൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. രാഷ്ട്രീയത്തിനതീതമായ ഐക്യം മാലിന്യനിർമാർജനത്തിൽ പുലർത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. ദേശീയ ഹരിത ട്രിബ്യൂണലും മലിനീകരണ നിയന്ത്രണ ബോർഡും അംഗീകരിക്കാത്ത പ്രവർത്തനങ്ങൾ അപകടകരമാണെന്നും സാമൂഹ്യ ഉത്തരവാദിത്വം വേണമെന്നും എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് ടി എ അസൈനാർ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിൽ നഗരസഭയുടേത് മോശം പ്രകടനമാണെന്ന് ജില്ലായോഗം വിലയിരുത്തിയതായി സെക്രട്ടറി സഭയെ അറിയിച്ചു. അടിയന്തരയോഗം ചേരുമ്പോൾ ഭരണസമിതി രൂപരേഖ വയ്‌ക്കാത്തതിനെ കൗൺസിലർ കെ ടി മനോജ് വിമർശിച്ചു. കംപോസ്റ്റ് ബിന്നുകൾ നൽകിയവർക്ക് മുടങ്ങാതെ ഇനോക്കുലം നൽകണമെന്നും ഹാളുകളിലെ മാലിന്യം നീക്കാൻ നഗരസഭ നയം രൂപീകരിക്കണമെന്നും പി എസ് ബിജു ആവശ്യപ്പെട്ടു. മേഖല തിരിച്ച് എയറോബിക് ബിന്നുകൾ സ്ഥാപിക്കണമെന്ന് മിനി കരീം പറഞ്ഞു. സൗജന്യമായി ഗാർഹിക മാലിന്യസംസ്കരണ ഉപാധികൾ നൽകണമെന്ന് ബിന്ദു മനോഹരനും എല്ലാ വാർഡിലും തുമ്പൂർമുഴി മോഡൽ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കണമെന്ന് കെ എച്ച് സുബൈറും ആവശ്യപ്പെട്ടു.അംഗങ്ങളുടെ സഹകരണമില്ലാത്തതിനാൽ തുമ്പൂർമുഴി പ്ലാന്റ്‌ സ്ഥാപിക്കാനുള്ള ഫണ്ട് കഴിഞ്ഞ ഭരണസമിതി പാഴാക്കിയെന്ന്‌ അന്നത്തെ ചെയർപേഴ്സൺകൂടിയായ കൗൺസിലർ ജെസി പീറ്റർ പറഞ്ഞു. ഉറവിട മാലിന്യസംസ്കരണം വിജയിച്ചാൽ വർഷം ഒരുകോടി രൂപയുടെ ലാഭം നഗരസഭയ്ക്കുണ്ടാകുമെന്ന് ആരോഗ്യസമിതി അധ്യക്ഷൻ എ കെ നിഷാദ് പറഞ്ഞു. കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. Read on deshabhimani.com

Related News