ആക്രിക്കച്ചവടത്തിന്റെ മറവിൽ 
നികുതിവെട്ടിപ്പ്‌ ; ഒരാൾ പിടിയിൽ



കൊച്ചി ആക്രിക്കച്ചവടത്തിന്റെ മറവിൽ കോടികളുടെ നികുതിവെട്ടിച്ചയാൾ സംസ്ഥാന ജിഎസ്‌ടി ഇന്റലിജൻസിന്റെ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നസീബിനെയാണ്‌ എറണാകുളം പൂണിത്തുറയിൽനിന്ന്‌ പിടികൂടിയത്‌. ആലപ്പുഴയിൽ ന്യൂ മൈസൂർ സ്‌റ്റീൽസ്‌ എന്ന സ്ഥാപനം നടത്തുകയായിരുന്നു നസീബ്‌.  ആക്രിസാധനങ്ങളുടെ ഇടപാടിന്റെ വ്യാജബിൽ ചമച്ച്‌ 6.87 കോടിയുടെ നികുതിയാണ്‌ വെട്ടിച്ചത്‌. ആറുമാസമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഇയാളുമായും സ്ഥാപനവുമായും ബന്ധമുള്ള കായംകുളത്തെയും മണ്ണഞ്ചേരിയിലെയും 10 വീടുകളിലായി ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം ബുധൻ രാവിലെമുതൽ പരിശോധന നടത്തി. ഇതിനിടെ, നസീബ്‌ പൂണിത്തുറയിലുണ്ടെന്ന്‌ മനസ്സിലാക്കി പിടികൂടുകയായിരുന്നു. നികുതിവെട്ടിപ്പിൽ ആറുമാസത്തിനിടെയുള്ള മൂന്നാമത്തെ അറസ്‌റ്റാണിത്‌. ഇന്റലിജൻസ്‌ എറണാകുളം ഡെപ്യൂട്ടി കമീഷണർ ജോൺസൺ ചാക്കോ, കോട്ടയം ഡെപ്യൂട്ടി കമീഷണർ ബോബി ഉമ്മൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോട്ടയം ഇന്റലിജൻസ്‌ ഓഫീസർ പ്രീതി കുര്യാക്കോസ്‌, ഇൻസ്‌പെക്ടർമാരായ അഭിലാഷ്‌, വിനോദ്‌, രഹ്‌നാസ്‌ കെ മജീദ്‌, സിന്ധു കെ നായർ എന്നിവർചേർന്നാണ്‌ പ്രതിയെ പിടികൂടിയത്‌. Read on deshabhimani.com

Related News