സർക്കാരിന്റെ നൂറുദിന കർമപദ്ധതി : ഹൈടെക്കായി 11 സ്കൂൾകൂടി

പൊളി സ്കൂൾ അല്ലേ ... ബ്രോ... സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽപ്പെടുത്തി കിഫ്‌ബി നിർമിച്ച ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചപ്പോൾ പുതിയ കെട്ടിടത്തിനുമുമ്പിൽനിന്ന് സെൽഫി എടുക്കുന്ന സ്കൂളിലെ പ്ലസ്‌ടു വിദ്യാർഥികൾ \ ഫോട്ടോ: മനു വിശ്വനാഥ്


കൊച്ചി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 11 സ്കൂൾകൂടി ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനുകീഴിൽ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ വിവിധ വിദ്യാലയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ നിർമിച്ച നാലും പ്ലാൻഫണ്ട് ഉപയോ​ഗിച്ച് നിർമിച്ച അഞ്ചും സമ​ഗ്രശിക്ഷാ കേരള ഫണ്ട്, എംഎൽഎ ഫണ്ട് എന്നിവ ഉപയോ​ഗിച്ച് നിർമിച്ച ഓരോ സ്കൂളുകളുമാണ് ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തിയത്. അഞ്ച് സർക്കാർ വിദ്യാലയങ്ങളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ ഫണ്ടിൽനിന്നുള്ള 48 ലക്ഷം രൂപവീതം ചെലവിൽ നിർമിച്ച ലാബുകളും ഉദ്ഘാടനം ചെയ്തു. നബാർഡിൽനിന്നുള്ള രണ്ടുകോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന അഞ്ച് സ്കൂൾ കെട്ടിടങ്ങളുടെയും കിഫ്ബിയിൽനിന്നുള്ള ഒരുകോടി രൂപവീതം ഉപയോഗിച്ച് നിർമിക്കുന്ന എട്ട് സ്കൂൾ കെട്ടിടങ്ങളുടെയും തറക്കല്ലിടൽ ചടങ്ങും നടത്തി. ഇടപ്പള്ളി ​ഗവ. എച്ച്എസ്എസ്‌, ​ചേന്ദമംഗലം -പാലിയം ഗവ. എച്ച്എസ്എസ്, പുത്തൻതോട് ​ഗവ. എച്ച്എസ്എസ്, എളമക്കര ​ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ കിഫ്ബിയിൽനിന്നുള്ള അഞ്ചു കോടി രൂപ ചെലവിലാണ് നവീകരണപ്രവർത്തനം. പുത്തൻതോട് ​ഗവ. എച്ച്എസ്എസിൽ മുൻ എംഎൽഎ ജോൺ ഫെർണാണ്ടസിന്റെ വികസനഫണ്ടിലെ ഒരുലക്ഷം രൂപ‌യും ഉപയോഗിച്ചു. ചേന്ദമം​ഗലം ഗവ. യുപി സ്കൂൾ, പുളിന്താനം ഗവ. യുപി സ്കൂൾ, പൂത്തോട്ട ഗവ. ജെബിഎസ്, വടവുകോട് ​ഗവ. എൽപി സ്കൂൾ, നോർത്ത് വാഴക്കുളം ​ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിൽ ഒരുകോടി രൂപവീതം ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്. ഒരുകോടി രൂപ ഉപയോ​ഗിച്ചാണ് വെണ്ണല ഗവ. എച്ച്എസ്എസ്‌ യുപി വിഭാ​ഗത്തിനായി നിർമാണം പൂർത്തിയാക്കിയത്‌. സൗത്ത് വാഴക്കുളം ഗവ. എൽപി സ്കൂളിൽ സമ​ഗ്രശിക്ഷാ കേരളത്തിന്റെ 39 ലക്ഷം രൂപയുടെ ഫണ്ട് ഉപയോ​ഗിച്ചാണ് നവീകരണം നടത്തിയത്. 13 സ്കൂൾ കെട്ടിടങ്ങൾക്ക് 
ശിലയിട്ടു സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 13 വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നടത്തി. രണ്ടുകോടി രൂപയുടെ നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്തുന്ന സ്കൂൾ കെട്ടിടങ്ങൾ പാലിശേരി ജിഎച്ച്എസ്, നെല്ലിക്കുഴി ജിഎച്ച്എസ്, നൊച്ചിമ ജിഎച്ച്എസ്, ആറൂർ ജിഎച്ച്എസ്, പിണവൂർക്കുടി  ജിഎച്ച്എസ് എന്നീ വിദ്യാലയങ്ങളിലാണ്. കിഫ്ബിയിൽനിന്നുള്ള ഒരുകോടി രൂപ ചെലവിൽ കെട്ടിടങ്ങൾ നിർമിക്കുന്നത് മഞ്ഞപ്ര ജിഎച്ച്എസ്എസ്, മുപ്പത്തടം ജിഎച്ച്എസ്എസ്, പാലിശേരി ജിഎച്ച്എസ്, എടത്തല ജിഎച്ച്എസ്എസ്, കലൂർ എംടിഎച്ച്എസ്എസ്, ചൊവ്വര ജിഎച്ച്എസ്എസ്, പൂതൃക്ക ജിഎച്ച്എസ്എസ്, ചോറ്റാനിക്കര ജിഎച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളിലുമാണ്. പുളിയനം ജിഎച്ച്എസ്എസ്, കളമശേരി ജിഎച്ച്എസ്എസ്, ഇടപ്പള്ളി ജിഎച്ച്എസ്എസ്, കൊങ്ങോർപ്പിള്ളി ജിഎച്ച്എസ്എസ്, ഞാറക്കൽ ജിവിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ ലാബുകളും ഉദ്‌ഘാടനം ചെയ്‌തു. Read on deshabhimani.com

Related News