ഓട്ടോറിക്ഷയിൽനിന്ന്‌ കിട്ടിയ സ്വർണം ഉടമയ്ക്ക്‌ തിരികെ നൽകി ഡ്രൈവർ



വൈറ്റില ഓട്ടോറിക്ഷയിൽനിന്ന്‌ കിട്ടിയ സ്വർണ കൈ ചെയിൻ ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ. ഇടപ്പള്ളി ചങ്ങമ്പുഴ മെട്രോ സ്റ്റേഷൻ സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ പോണേക്കര സ്വദേശി പി യു രവീന്ദ്രനാണ് കറുകപ്പിള്ളി ഫ്രീഡം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ആലങ്ങാട് കോട്ടപ്പുറം അഴികോടത്ത് വീട്ടിൽ ഖദീജയുടെ പക്കൽനിന്ന്‌ നഷ്‌ടപ്പെട്ട ആഭരണം തിരികെ നൽകിയത്. സിപിഐ എം ചുറ്റുപാടുകര ബ്രാഞ്ച് അംഗംകൂടിയാണ്‌ രവീന്ദ്രൻ. വെള്ളിയാഴ്ച രാവിലെ ഓട്ടോ കഴുകുമ്പോഴാണ്‌ പുറകിലെ സീറ്റിനടിയിൽ കൈ ചെയിൻ കാണുന്നത്‌. ഓട്ടോ സ്റ്റാൻഡിലെത്തിയ രവീന്ദ്രൻ, ചെയിൻ ഉടമ അന്വേഷിച്ചെത്തിയാൽ നൽകാനായി തൊഴിലാളി യൂണിയൻ ഇടപ്പള്ളി മേഖലാ സെക്രട്ടറി എം എസ് മധുവിനെ ഏൽപ്പിച്ചു. മധു വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ആഭരണം കളഞ്ഞുകിട്ടിയ കാര്യം പങ്കുവച്ചെങ്കിലും ആരും എത്തിയില്ല. തുടർന്ന് ശനിയാഴ്‌ച എളമക്കര പൊലീസ് സ്റ്റേഷനിൽ ആഭരണം ഏൽപ്പിച്ചു. സ്വർണമാണോ എന്ന്‌ പരിശോധിക്കാനായി കറുകപ്പിള്ളിയിലെ സ്വർണക്കടയിൽ എത്തിച്ചപ്പോൾ, യാത്രക്കിടയിൽ സ്വർണം നഷ്‌ടപ്പെട്ട ഒരു സ്‌ത്രീ അന്വേഷിച്ചുവന്നതായി കടയുടമ പൊലീസിനോട്‌ പറഞ്ഞു. പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ മുഖേനെ അവരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് പൊലീസ് ഖദീജയെ കടയിൽ വിളിച്ചുവരുത്തി, ആഭരണം അവരുടേതാണെന്ന് ഉറപ്പാക്കി. ബില്ലുമായി സ്‌റ്റേഷനിലെത്തിയശേഷം കൈ ചെയിൻ ഖദീജയ്ക്ക്‌ കൈമാറി. Read on deshabhimani.com

Related News