പെരിയാറിനെ പാട്ടിലാക്കി, മലവെള്ളത്തെ മെരുക്കി ഭൂതത്താൻകെട്ട്‌



കൊച്ചി ആഗസ്ത്‌ മൂന്നുമുതൽ 12 വരെ പെയ്‌ത മഴയിൽ ഭൂതത്താൻകെട്ട്‌ അണക്കെട്ടിലെ ജലനിരപ്പ്‌ 30 മീറ്ററിനുമുകളിൽ പോയത്‌ ഒറ്റ ദിവസംമാത്രം. അതിതീവ്രമഴ ലഭിച്ച നാലിന്‌. തുടർന്നുള്ള 10 ദിവസവും ജലനിരപ്പ്‌ ഉയർന്നെങ്കിലും ഏറ്റവും കൂടിയ അളവിൽ വെള്ളം പുറത്തേക്ക്‌ ഒഴുക്കിയതും അന്നുമാത്രം. പിന്നീട്‌ ഇടുക്കി, ഇടമലയാർ ഡാമുകളിൽനിന്ന്‌ അധികവെള്ളം എത്തിയിട്ടും അണക്കെട്ട്‌ പരിധിവിട്ടില്ല. പെരിയാറിനെ പാട്ടിലാക്കി മലവെള്ളം മുഴുവൻ കടലിലേക്ക്‌ ഒഴുക്കി. ആഗസ്ത്‌ മൂന്നിന്‌ മഴ ശക്തിപ്രാപിച്ചുതുടങ്ങുമ്പോൾ ഭൂതത്താൻകെട്ടിലെ ജലനിരപ്പ്‌ 28.3 മീറ്ററായിരുന്നു. പിറ്റേന്ന്‌ പകൽ മൂന്നോടെ പരമാവധിയായ 30.2 മീറ്ററിലെത്തി. തലേന്ന്‌ സെക്കൻഡിൽ 130 ലക്ഷം ലിറ്റർ (1307 ക്യുമെക്‌സ്‌) വെള്ളം പുറത്തേക്ക്‌ ഒഴുക്കിയ സ്ഥാനത്ത്‌ നാലിന്‌ ഒഴുക്കിയത്‌ 2751 ക്യുമെക്‌സ്‌ വെള്ളം. ഏഴിന്‌ ചെറുതോണി ഡാം തുറന്നപ്പോൾ സെക്കൻഡിൽ 10 ലക്ഷം ലിറ്റർ വെള്ളം ഭൂതത്താൻകെട്ടിലേക്ക്‌ കുതിച്ചു.  എന്നിട്ടും എട്ടിന്‌ രാത്രി 11 വരെ 27–-28 മീറ്ററിൽ ജലനിരപ്പ്‌ നിയന്ത്രിക്കാനായി. അന്നു രാത്രി പുറത്തേക്ക്‌ ഒഴുക്കിയത്‌ സെക്കൻഡിൽ 17 ലക്ഷം ലിറ്റർ വെള്ളം. മഴ കനത്ത ഒമ്പതിന്‌ പുലർച്ചെ നാലുമുതൽ 30 ലക്ഷം ലിറ്റർ വെള്ളം ഇടുക്കിയിൽനിന്ന്‌ ഒഴുക്കാൻ തുടങ്ങിയപ്പോൾ ജലനിരപ്പ്‌ 29 മീറ്ററിനുമുകളിലേക്ക്‌ ഉയർന്നു. മാട്ടുപ്പെട്ടി, കുണ്ടള, പൊന്മുടി, കല്ലാർകുട്ടി അണക്കെട്ടുകളിലെ വെള്ളവും എത്താൻ തുടങ്ങി. രാവിലെ പത്തോടെ 7.1 ലക്ഷം ലിറ്റർ വെള്ളം തുറന്നുവിട്ട്‌  ഇടമലയാറും ഭൂതത്താൻകെട്ടിലേക്ക്‌ എത്തി.  പെരിയാറിനെ വിശ്വാസത്തിലെടുത്ത്‌ ഭൂതത്താൻകെട്ട്‌ 199.1 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക്‌ ഒഴുക്കി. ഇടമലയാറിൽനിന്നുള്ള ഒഴുക്ക്‌ 20 ലക്ഷം ലിറ്ററായും ഇടുക്കിയിൽനിന്നുള്ളത്‌ 35 ലക്ഷം ലിറ്ററായും ഉയർന്നു. 10ന്‌ ഇരു ഡാമിൽനിന്നുമായി 70 ലക്ഷം ലിറ്റർ  വെള്ളമെത്തി. ഒഴുകിയെത്തിയതിന്റെ ഇരട്ടിവെള്ളമാണ്‌ പുറത്തേക്ക്‌ ഒഴുക്കിയത്‌. 11ന്‌ രാവിലെമുതൽ ഇടുക്കിയിലെ ജലമൊഴുക്ക്‌ 30 ലക്ഷം ലിറ്ററായി കുറച്ചു. ഇടമലയാർ 35 ലക്ഷം ലിറ്ററിൽ തുടർന്നെങ്കിലും ഭൂതത്താൻകെട്ട്‌ കുലുങ്ങിയില്ല. Read on deshabhimani.com

Related News