യാത്ര ലഹരിയാക്കി ലഡാക്കിൽനിന്ന് 
സിന്ധുവും മകനും തിരികെയെത്തി



പറവൂർ ബൈക്കിൽ ലഡാക്കിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയ ഏഴിക്കര പേരെപ്പറമ്പിൽ സിന്ധുവിനും മകൻ ഗോപകുമാറിനും ജന്മനാട് സ്വീകരണം നൽകി. 25 ദിവസംമുമ്പാണ് ഇവർ യാത്ര തിരിച്ചത്. ജീവിതത്തിൽ ഏറെ നാളായി ആഗ്രഹിച്ച കാര്യം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഇരുവരും. 8500 കിലോമീറ്റർ ബൈക്ക്‌ ഓടിച്ചതിന്റെ ബുദ്ധിമുട്ടുകളൊന്നും ഇരുവർക്കുമില്ല. കീസെറ്റിന് ഉണ്ടായ ചെറിയ തകരാറും കടുത്ത ചൂടിൽ ഓയിൽ വറ്റിയതും ഒഴിച്ചാൽ വാഹനം ചതിക്കാത്തത് യാത്ര സുഖകരമാക്കി. യാത്രയ്‌ക്കിടെ ചെയ്യുന്ന വീഡിയോ കണ്ടവർ ചിലയിടങ്ങളിൽ താമസസൗകര്യം ഏർപ്പാടാക്കി. മറ്റിടങ്ങളിൽ ചെന്നപ്പോൾ സുരക്ഷിതമായ സ്ഥലത്ത് മുറിയെടുത്ത് തങ്ങി. വ്യത്യസ്തമായ ഭാഷകളും ഭക്ഷണങ്ങളും ആസ്വദിച്ചായിരുന്നു യാത്ര. ശാരീരിക ബുദ്ധിമുട്ടുകൾ യാത്രയിലൊരിക്കലും രണ്ടുപേരെയും അലട്ടിയില്ല. ലഡാക്കിൽ വാഹനം പരമാവധി എത്തുന്ന ഖർത്തുംഗ്‌ ലയിൽ മൈനസ് ഏഴ്‌ ഡിഗ്രിയാണ് തണുപ്പ്. ഓക്സിജൻ കിട്ടാത്ത പ്രദേശങ്ങളാണ് ഇവിടെ ഏറെയും. സിന്ധുവിന് അൽപ്പനേരം ശ്വാസംകിട്ടാൻ ബുദ്ധിമുട്ടി. പട്ടാളക്കാരുടെ സഹായത്തോടെ മറ്റൊരിടത്തേക്ക് മാറി അതിനും പരിഹാരം കണ്ടു. 15 ദിവസംകൊണ്ട് ലഡാക്കിലെത്തിയ ഇവരുടെ തിരിച്ചുള്ള യാത്ര മറ്റൊരു പാതയിലൂടെയായിരുന്നു. തിരിച്ചിറങ്ങുമ്പോൾ ശക്തമായ മഞ്ഞുവീഴ്ചമൂലം രണ്ടുദിവസം മണാലിയിൽ പൊലീസ് തടഞ്ഞു. ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു വഴിയായിരുന്നു തിരികെയുള്ള യാത്ര. മൂന്നുദിവസംമുമ്പ് ഗോപകുമാറിന്റെ അച്ഛൻ കുട്ടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വിവരം ലഭിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ  സന്ദർശിച്ചശേഷമാണ് ഗോപകുമാറും അമ്മയും ഏഴിക്കരയിലെത്തിയത്. മധുരപലഹാരങ്ങളും പൂക്കളുമൊക്കെയായി നാട്ടുകാർ ഇവരെ സ്വീകരിച്ചു. ഖർത്തുംഗ് ലയിൽനിന്ന്‌ മണാലിയിലേക്കുള്ള യാത്ര മറക്കാനാകാത്ത അനുഭവമാണെന്ന് സിന്ധുവും ഗോപകുമാറും പറഞ്ഞു. അടുത്ത സീസണിൽ കുടുംബവുമൊത്ത് ലഡാക്കിലൊന്നു കറങ്ങണം. അതിനുശേഷം അമ്മയുമൊത്ത് ബൈക്കിൽ വ്യത്യസ്തമായ ഒരു യാത്രയും മനസ്സിലുണ്ടെന്ന് ഗോപകുമാർ പറഞ്ഞു. മഹാരാജാസ് കോളേജിലെ ക്യാന്റീൻ ജീവനക്കാരിയാണ് സിന്ധു. ഗോപകുമാർ എടവനക്കാട്ടുള്ള കടയിൽ സെയിൽസ്‌മാനാണ്. Read on deshabhimani.com

Related News