ശതാബ്‌ദി തിളക്കത്തിൽ സെന്റ്‌ സെബാസ്‌റ്റ്യൻസ്‌ സ്‌കൂൾ



മട്ടാഞ്ചേരി തോപ്പുംപടി സെന്റ്‌ സെബാസ്റ്റ്യൻസ് സ്കൂൾ ശതാബ്ദി തിളക്കത്തിൽ. ശതാബ്ദിയാഘോഷങ്ങൾ ശനി രാവിലെ 10ന് വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിക്കുന്നത് 1922ൽ ആണ്. 1919-ൽ  തോപ്പുംപടി അത്ഭുതമാതാവിന്റെ കപ്പേളയോട് ചേർന്നാണ്‌ സ്‌കൂൾ പ്രവർത്തിച്ചുതുടങ്ങിയത്‌. പിന്നീട് അത് തോപ്പുംപടിയിലെ സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളിയുടെ വരാന്തയിലേക്ക് മാറ്റി.  അന്നത്തെ പള്ളിവികാരി ഫ്രാൻസിസ് ഡിക്രൂസാണ്‌ ഇതിന്‌ അനുമതി നൽകിയത്‌.  തുടർന്ന് പള്ളിവികാരിയായി വന്ന റാഫേൽ എടയ്ക്കാട്ട് സ്കൂളിനായി പുതിയ കെട്ടിടം നിർമിച്ചു. അങ്ങനെയാണ് 1922ൽ അംഗീകാരം ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ നാലാം ഫോറം വരെയായിരുന്നു. 1929-ൽ ഹൈസ്കൂളായി ഉയർത്തി. 2000ൽ ആണ് ഹയർസെക്കൻഡറി സ്കൂളായത്‌.  1967-ൽ പൂർവവിദ്യാർഥികൾ ചേർന്ന് ഇരുനില കെട്ടിടവും 1978-ൽ സുവർണ ജൂബിലി സ്മാരകമായി മൂന്നുനില കെട്ടിടവും നിർമിച്ചു. 2005-ൽ ഹയർ സെക്കൻഡറിക്കും ഹൈ സ്കൂളിനുമായി പുതിയ മൂന്നുനില കെട്ടിടംകൂടി നിർമിച്ചു. നിലവിൽ മൂന്ന് വിഭാഗങ്ങളിലായി 1790 കുട്ടികളാണ് പഠിക്കുന്നത്. ഒരുവർഷം നീളുന്ന പരിപാടികളാണ് ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. Read on deshabhimani.com

Related News