സ്വാതന്ത്ര്യത്തിലേക്ക്‌ മിഴിതുറക്കാൻ ലക്ഷം ചതുരശ്രയടി ചിത്രമതിൽ

പാലക്കാട്‌ വിക്‌ടോറിയ കോളേജിലെ ചുവരിൽ ചിത്രംവരയ്ക്കുന്ന വിദ്യാര്‍ഥികള്‍


കൊച്ചി സ്വാതന്ത്ര്യത്തിന്റെ 75–-ാംവർഷ പുലരിയിലേക്ക്‌ മിഴിതുറക്കാനൊരുങ്ങി സംസ്ഥാനത്തെ കലാലയ ചുവരുകളിൽ ലക്ഷം ചതുരശ്രയടി സമരചിത്രങ്ങൾ. ദേശീയപ്രസ്ഥാന നേതാക്കളുടെയും നവോത്ഥാന നായകരുടെയും ഛായാചിത്രങ്ങളും ഉപ്പുസത്യഗ്രഹവും ക്വിറ്റിന്ത്യാ പ്രക്ഷോഭവും വില്ലുവണ്ടി സമരവും ഉൾപ്പെടെയുള്ള വർണചിത്രങ്ങളുമാണ്‌ ഫ്രീഡം വാൾ പദ്ധതിയിൽ കലാലയ ചുവരുകളിൽ ഒരുങ്ങുന്നത്‌. ഉന്നത വിദ്യാഭ്യാസവകുപ്പും കോളേജ്‌ വിദ്യാഭ്യാസവകുപ്പും നാഷണൽ സർവീസ്‌ സ്‌കീമും ചേർന്നാണ്‌ 64 കോളേജുകളിൽ ചിത്രമതിലൊരുക്കുന്നത്‌. തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ ചിത്രകലാ അധ്യാപകൻ മനു മോഹനന്റെ നേതൃത്വത്തിൽ നൂറോളം ചിത്രകലാ വിദ്യാർഥികൾ ചരിത്ര സംരംഭത്തിൽ പങ്കാളിയാകുന്നു. തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിൽ 20,000 ചതുരശ്രയടിയിൽ വരച്ച ചിത്രമതിലാണ്‌ ഏറ്റവുമൊടുവിൽ പൂർത്തിയായത്‌.  43 വിദ്യാർഥികൾ നാലുദിവസമെടുത്താണ്‌ ചിത്രീകരിച്ചത്‌. അയ്യൻകാളിക്കൊപ്പം പുഞ്ചിരിച്ചുനിൽക്കുന്ന പഞ്ചമിയുടെ ചിത്രത്തിനുമാത്രം 50 അടി ഉയരവും 46 അടി വീതിയുമുണ്ട്‌. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ 1000 ചതുരശ്രയടി ചിത്രം പൂർത്തിയായി. പാലക്കാട്‌ വിക്‌ടോറിയ കോളേജിൽ 10,000 ചതുരശ്രയടിയിലും ചെമ്പൈ സംഗീത കോളേജിൽ 1000 ചതുരശ്രയടിയിലും ചിത്രങ്ങൾ പൂർത്തിയാകുന്നു. മനു മോഹനന്റെ നേതൃത്വത്തിൽ പൂതൃക്ക ഹയർസെക്കൻഡറി സ്‌കൂൾ മതിലിൽ വരച്ച കൂറ്റൻ സ്വാതന്ത്ര്യ ചിത്രമാണ്‌ കോളേജ്‌ വിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിക്ക്‌ പ്രചോദനം. പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വരുമാനംകൂടി ലഭിക്കുന്നവിധം സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി കോളേജുകൾ സന്ദർശിച്ച്‌ രൂപരേഖ തയ്യാറാക്കി. ചിത്രം വരയ്‌ക്കുന്ന വിദ്യാർഥികൾക്ക്‌ മണിക്കൂർ ഒന്നിന്‌ 100 രൂപ പ്രതിഫലം നൽകാനും ചായം ഉൾപ്പെടെ സാമഗ്രികൾ വാങ്ങാനുമായി 28 ലക്ഷം രൂപ വകയിരുത്തി. എൻഎസ്‌എസ്‌ ഓഫീസർ ഡോ. ആർ എൻ അൻസാർ ആണ്‌ പദ്ധതിയുടെ സംസ്ഥാന കോ–-ഓർഡിനേറ്റർ. ഗവ. കോളേജുകൾക്കുപുറമെ  എയ്‌ഡഡ്‌ കോളേജുകളും നൂറോളം ഹയർ സെക്കൻഡറി സ്‌കൂളുകളും അവരുടെതായ രീതിയിൽ അതാതിടങ്ങളിൽ ഫ്രീഡം വാൾ തയ്യാറാക്കിയിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ആർഎൽവി കോളേജിലെ ഇ എസ്‌ ജിതിൻ ബാബു, വി എസ്‌ നിഷാന്ത്‌, അനന്തകുമാർ, എം എ തസ്‌നി, റോണിയ ഗ്രെസ്, ബിസ്മി ബേബി, വിസ്മയ ജോണി, അനുപമ സുകുമാർ, നിരഞ്ജന അനീഷ്, ജിൽസ ജോസ്, ജ്യോതിർമയ്‌, പൂജ വേണു, പി മേധ, കൃഷ്ണ വേണു, യദുലാൽ തുടങ്ങിയവരാണ്‌ ചിത്രങ്ങൾ തയ്യാറാക്കിയത്‌. Read on deshabhimani.com

Related News