മരം കടത്തിയ സംഭവം ; പ്രിൻസിപ്പലിനെ വിദ്യാർഥികൾ ഉപരോധിച്ചു



കൊച്ചി എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് അനധികൃതമായി മരം കടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രിൻസിപ്പൽ മാത്യു ജോർജിനെ ഉപരോധിച്ചു. മരം കടത്തിയത് പ്രിൻസിപ്പലിന്റെ അറിവോടെയാണെന്നാണ് വിദ്യാർഥികളുടെ ആരോപണം. പ്രിൻസിപ്പലിനെതിരെ അന്വേഷണം വേണമെന്ന എസ്എഫ്ഐയുടെ ആവശ്യം അം​ഗീകരിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു. പകൽ 11ന് ആരംഭിച്ച ഉപരോധം വൈകിട്ട് ആറിനാണ്‌ അവസാനിപ്പിച്ചത്. പകൽ മൂന്നോടെ ഡയറക്ടർ ഓഫ് കോളേജ് എഡ്യുക്കേഷൻ അധികൃതർ അന്വേഷണസമിതി രൂപീകരിച്ചതായി വിദ്യാർഥികളെ അറിയിച്ചു. അന്വേഷണം കഴിയുംവരെ പ്രിൻസിപ്പൽ അവധിയിൽ പ്രവേശിക്കണമെന്ന നിലപാടിൽ വിദ്യാർഥികൾ ഉറച്ചുനിന്നതോടെ വൈകിട്ട് ആറിന്‌ പ്രിൻസിപ്പൽ അവധിയിൽ പ്രവേശിച്ചു. വിദ്യാർഥിപ്രതിഷേധം നിലനിൽക്കുമ്പോൾ മഹാരാജാസ് കോളേജിൽ ചേർന്ന ​ഗവേണിങ് കൗൺസിൽ യോഗത്തിലേക്കാണ് എസ്എഫ്ഐ പ്രവർത്തകർ കടന്നുചെന്നത്. പ്രിൻസിപ്പലിനൊപ്പം കൗൺസിൽ അം​ഗങ്ങളെയും വിദ്യാർഥികൾ മുറിയിൽ ആറരമണിക്കൂർ തടഞ്ഞുവച്ചു. കോളേജിലെ കൂറ്റൻമരം ലേലംചെയ്യാതെ കടത്താനുള്ള ശ്രമം ഞായറാഴ്ച വിദ്യാർഥികൾ തടഞ്ഞിരുന്നു. ഇതിനുമുമ്പ് നാലുലോഡ് മരം കടത്തിയെന്നാണ് ആരോപണം. ടെൻഡർ നടപടികളോ വനംവകുപ്പിന്റെ അനുമതിയോ ഇല്ലാതെയാണ് മരങ്ങൾ മുറിച്ചുകടത്തിയതെന്ന് വിദ്യാർഥികൾ പറയുന്നു. അന്വേഷണം തുടങ്ങി മഹാരാജാസ് കോളേജിലെ അനധികൃത മരംകടത്തിൽ കോളേജ് പ്രിൻസിപ്പൽ, കലക്ടർക്കും കൊച്ചി സിറ്റി പൊലീസിനും നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. കോളേജ് ഗവേണിങ് ബോർഡ് ചെയർമാൻ എൻ രമാകാന്തൻ ഉന്നതവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ പരാതിയിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുറിച്ച മരങ്ങളുടെ കാലപ്പഴക്കം, അനുമതി നൽകിയതാര്, മരം മാറ്റാൻ പണം കൈപ്പറ്റിയോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. മരം കാക്കനാട് സ്വദേശിക്ക് കൈമാറാൻ പ്രിൻസിപ്പലാണ് നിർദേശം നൽകിയതെന്ന് കോളേജ് സൂപ്രണ്ട് പറയുന്ന ശബ്ദസന്ദേശവും കൂടുതൽ മരം മുറിച്ചതിന്റെ ദൃശ്യങ്ങളും കൈവശമുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. Read on deshabhimani.com

Related News