ചൊള്ളമ്പേൽ പിള്ളയുടെ രക്തസാക്ഷിത്വ സ്മരണകളിൽ കൂത്താട്ടുകുളം

ചൊള്ളമ്പേൽ പിള്ളയുടെ ഫോട്ടോയുമായി മകൻ ബാബു ചരിത്രകാരൻ 
ജോസ് കരിമ്പനയ്‌ക്കൊപ്പം അനുഭവങ്ങൾ പങ്കിടുന്നു


കൂത്താട്ടുകുളം രക്തസാക്ഷികളുടെ നാടായ കൂത്താട്ടുകുളത്ത്‌ പിതാവിന്റെ രക്തസാക്ഷിത്വത്തിന്റെ ജ്വലിക്കുന്ന ഓർമകളുമായി ചൊള്ളമ്പേൽ ബാബു. ഉത്തരവാദ ഭരണത്തിനുവേണ്ടി തിരുവിതാംകൂറിൽ അലയടിച്ച ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്ത് കൊല്ലപ്പെട്ട ധീര ദേശാഭിമാനി സി ജെ ജോസഫിന്റെ (ചൊള്ളമ്പേൽ പിള്ള) മൂത്ത മകനാണ് ബാബു. 60 വർഷം വടകര സുറിയാനി പള്ളി വികാരിയായിരുന്ന ചൊള്ളമ്പേൽ യോഹന്നാൻ കോർ എപ്പിസ്കോപ്പയുടെ മകനാണ് പിള്ള. സഹോദരൻ സി ജെ തോമസ് പിന്നീട് പ്രശസ്ത സാഹിത്യകാരനായി. 1938ൽ മുട്ടപ്പിള്ളിൽ വൈദ്യശാലയിൽവച്ച്‌ പട്ടം താണുപിള്ളയിൽനിന്ന്‌ നാലുചക്രം കൊടുത്ത് സ്‌റ്റേറ്റ്‌ കോൺഗ്രസിൽ മെമ്പർഷിപ് എടുത്തു. പ്രായപൂർത്തി വോട്ടവകാശവും ഉത്തരവാദിത്വമുള്ള മന്ത്രിസഭയും വേണമെന്നാവശ്യപ്പെടുന്ന മെമ്മോറാണ്ടം 1938 മെയ് 30ന് സ്റ്റേറ്റ് കോൺഗ്രസ് മഹാരാജാവിന് നൽകി. തുടർന്ന്‌ നിരവധി പ്രക്ഷോഭങ്ങൾ നടന്നു. ഒടുവിൽ ഗാന്ധിജിയുടെ നിർദേശാനുസരണം മെമ്മോറാണ്ടം പിൻവലിച്ചു. ഇടതുചിന്താഗതിക്കാർ മെമ്മോറാണ്ടം പുതുക്കിനൽകി. ദിവാൻ ഇത് നിരോധിച്ചു. 1939 ജനുവരി 16ന് പൊലീസുകാരും ഗുണ്ടകളും നിറഞ്ഞ വഴിയിലൂടെ 12 പേർ പങ്കെടുത്ത ജാഥയുടെ അവസാനം, ചൊള്ളമ്പേൽ പിള്ളയും ടി കെ നീലകണ്ഠനും കൂത്താട്ടുകുളത്ത് മെമ്മോറാണ്ടം വായിച്ചു. മാസങ്ങൾ നീണ്ട മർദനം രണ്ടുപേരെയും രോഗികളാക്കി. ഏറെ താമസിയാതെ ചൊള്ളമ്പേൽ പിള്ള മധ്യതിരുവിതാംകൂറിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായി. പിതാവ് നഷ്ടപ്പെട്ട് അനാഥമായ കുടുംബത്തെ സംരക്ഷിക്കാൻ പത്തരവയസ്സുകാരൻ ബാബുവിന് ഏറെ അലയേണ്ടിവന്നു. ജേക്കബ് ഫിലിപ്പിന്റെ കൂടെനിന്ന് ഫോട്ടോഗ്രഫി പഠിച്ചു. അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർടി ഓഫീസിന്റെ ചുമതലയുമുണ്ടായി. ലീല, ശാന്ത എന്നിവരാണ് സഹോദരിമാർ. സഹോദരൻ ബോസ് മരിച്ചു. അഞ്ചുസെന്റിൽ കൊച്ചുവീടിന്റെ ഒറ്റമുറിയിലാണ് അവിവാഹിതനായ എൺപത്തൊമ്പതുകാരന്റെ ജീവിതം. വീടിന്റെ മുറിക്കും അടുക്കളയ്‌ക്കും കിട്ടുന്ന വാടകയാണ് ആശ്രയം. സ്വാതന്ത്ര്യദിനത്തിൽ സിപിഐ എം, സിപിഐ നേതൃത്വത്തിൽ ചൊള്ളമ്പേൽ വീട്ടിൽനിന്ന്‌  75 കായികതാരങ്ങളുടെ അകമ്പടിയോടെ ടൗൺഹാളിലേക്ക് ദീപശിഖാ പ്രയാണവും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. Read on deshabhimani.com

Related News