കട്ടവിരിച്ചത് താഴ്ന്നു ; മെഡിക്കൽ കോളേജ് 
റോഡിൽ യാത്രാദുരിതം



കളമശേരി കുഴൽ ഇടാനായി കുഴിയെടുത്ത എച്ച്എംടി –-എറണാകുളം ഗവ. മെഡിക്കൽ കോളേജ് റോഡിൽ കട്ടവിരിച്ചിട്ടും യാത്രക്കാരുടെ ദുരിതമൊഴിയുന്നില്ല. ബിപിസിഎൽ, ഐഒസി സംയുക്ത സംരംഭമായ കൊച്ചി സേലം എൽപിജി പൈപ്പ് ലൈൻ പദ്ധതിക്കായി നേരത്തേ റോഡ് കുത്തിപ്പൊളിച്ചിരുന്നു. കുഴൽ സ്ഥാപിക്കാനായി ഗെയ്ൽ റോഡ് കവലമുതൽ കങ്ങരപ്പടിയിലേക്കുള്ള റോഡ് തുടങ്ങുന്നിടംവരെ 200 മീറ്റർ നീളത്തിലാണ് കുത്തിപ്പൊളിച്ചത്. പിന്നീട് കുഴലിട്ട്‌ മൂന്നുമാസത്തോളം കഴിഞ്ഞ് ഏറെ പരാതികളുയർന്നശേഷമാണ് കുത്തിപ്പൊളിച്ച റോഡിൽ കട്ടവിരിച്ചത്.  കട്ടവിരിച്ച് ഒരാഴ്ച കഴിയുന്നതിനുമുമ്പുതന്നെ കട്ടയിളകി റോഡിന്റെ വലതുവശം രണ്ടുമീറ്ററോളം വീതിയിൽ താഴ്ന്നു. റോഡിന്റെ ബാക്കിഭാഗത്തും കട്ടകൾ ഇളകാൻ തുടങ്ങി. ഇളകുന്ന കട്ടകൾക്ക് മുകളിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ് വാഹനങ്ങൾ. ആശുപത്രിയിലേക്കുവരുന്ന ആംബുലൻസുകൾക്ക് വളരെ പതുക്കെമാത്രമേ ഈ ഭാഗത്തുകൂടെ പോകാനാകൂ. റോഡ് നാലുവരിപ്പാതയായി കോൺക്രീറ്റ് ചെയ്തിട്ടുള്ളതാണ്.  ആലുവ, മെഡിക്കൽ കോളേജ്, നുവാൽസ്, കിൻഫ്ര, എച്ച്എംടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്. സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിനുകീഴിലെ റോഡ് അറ്റകുറ്റപ്പണിക്ക്‌ 19 ലക്ഷംരൂപ പണി തുടങ്ങുന്നതിനുമുമ്പുതന്നെ കരാർ കമ്പനി വകുപ്പിൽ അടച്ചിട്ടുണ്ട്. എന്നാൽ, ജോലി കഴിഞ്ഞശേഷം റോഡ് പൂർവസ്ഥിതിയിലാക്കുന്നതിന് ടെൻഡർ ജോലികൾക്കും മറ്റുമുള്ള കാലതാമസം കണക്കിലെടുത്ത് കുഴൽ സ്ഥാപിച്ച കരാറുകാർതന്നെ താൽക്കാലികമായി റോഡ് നന്നാക്കിയതാണെന്ന് പിഡബ്ല്യുഡി അധികൃതർ പറഞ്ഞു. ഉടൻതന്നെ റോഡ് പൂർവസ്ഥിതിയിലാക്കുമെന്നും പറഞ്ഞു. Read on deshabhimani.com

Related News