ഇടമലയാറിന്റെ 4 ഷട്ടറും തുറന്നു

അണക്കെട്ടുകള്‍ തുറന്നപ്പോൾ നിറഞ്ഞൊഴുകുന്ന പെരിയാര്‍. ആലുവ മണപ്പുറം പാലത്തിന്റെ പശ്‌ചാത്തലത്തിലുള്ള ദൃശ്യം / ഫോട്ടോ: എം പി നിത്യൻ


കോതമംഗലം കനത്തമഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ അണക്കെട്ടിലെ നാല് ഷട്ടറുകളും തുറന്നു. രണ്ട്, മൂന്ന് ഷട്ടറുകൾ 100 സെന്റീമീറ്റർവീതവും ഒന്ന്, നാല് ഷട്ടറുകൾ 75 സെന്റീമീറ്റർവീതവും ഉയർത്തി. നിലവിൽ 253 ക്യുമെക്സ് ജലമാണ്‌ പുറത്തേക്ക് ഒഴുക്കുന്നത്‌. ബുധനാഴ്ച 353 ക്യുമെക്സ് ജലം ഒഴുക്കുമെന്ന്‌  അധികൃതർ അറിയിച്ചു. 169 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ റൂൾ കർവ് പ്രകാരം 163 മീറ്ററിൽത്താഴെ ജലമാണ് 10 വരെ നിലനിർത്തേണ്ടത്. ഈ പരിധി ഉയർന്നതിനാലാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വൃഷ്ടിപ്രദേശത്തുണ്ടായ കനത്തമഴയാണ് ജലവിതാനം ഉയരാൻ കാരണം. ആന്റണി ജോൺ എംഎൽഎ, കലക്ടർ രേണു രാജ്, എക്സിക്യൂട്ടീവ്‌ എൻജിനിയർ പി എൻ ബിജു, തഹസിൽദാർ ഇൻ ചാർജ് ജെസി അഗസ്റ്റിൻ, അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എൻജിനിയർ യു ജെ ആനി, സബ് എൻജിനിയർ വി കെ വിനോദ് എന്നിവർ സ്ഥലത്തെത്തി. Read on deshabhimani.com

Related News