ഓളപ്പരപ്പിലെ ആവേശപ്പോര്‌ നാളെ മറൈൻഡ്രൈവിൽ



കൊച്ചി വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിലെ (സിബിഎൽ) അഞ്ചാമത്തെ മത്സര വള്ളംകളിക്ക്‌ എറണാകുളം മറൈൻഡ്രൈവ് ഒരുങ്ങിയതായി ടി ജെ വിനോദ് എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശനി പകൽ രണ്ടിന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ചെറുവള്ളങ്ങളുടെ പ്രാദേശിക വള്ളംകളി മത്സരവും നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും ബാൻഡ്‌ മേളവും കലാവിരുന്നും ഉണ്ടാകും. 2019ലെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ ആദ്യസ്ഥാനത്ത് എത്തിയ ഒമ്പത് ചുണ്ടൻവള്ളങ്ങളാണ് സിബിഎല്ലിലെ മത്സരാർഥികൾ. നാവിക സേനയുടെ ബാൻഡ്‌ മേളത്തിന്റെയും ചുണ്ടൻവള്ളങ്ങളുടെ മാസ് ഡ്രില്ലിന്റെയും അകമ്പടിയോടെയാണ്‌ മത്സരത്തിന്‌ തുടക്കംകുറിക്കുന്നത്. തുടർന്ന് ഇരുട്ടുകുത്തി വള്ളങ്ങളുടെയും ചുണ്ടൻവള്ളങ്ങളുടെയും ഹീറ്റ്‌സും ഫൈനലുകളും നടത്തും. മത്സരത്തിന്റെ ഇടവേളകളിൽ നാവിക സേനയുടെ അഭ്യാസപ്രകടനങ്ങളും 75 കലാകാരന്മാർ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും നടക്കും. ഫിഷറീസ് ഓഫീസിനുമുന്നിൽനിന്ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഫിനിഷിങ്‌ പോയിന്റ് മറൈൻഡ്രൈവിലെ മഴവിൽ പാലത്തിനുസമീപമാണ്. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്ക് വെള്ളിയാഴ്ചയോടെ പൂർത്തിയാകും. ആഴമില്ലാത്തഭാഗങ്ങളിൽ ഇതിനായി ഡ്രഡ്ജിങ്‌ നടത്തിയിരുന്നു. നെഹ്‌റു ട്രോഫി മത്സരത്തോടെ ആരംഭിച്ച ലീഗിൽ 12 മത്സരങ്ങളാണുള്ളത്. 5.90 കോടി രൂപയാണ്‌ സമ്മാനമായി നൽകുന്നത്. ഫോർട്ട്‌ കൊച്ചി സബ് കലക്ടർ പി വിഷ്ണു രാജ്, സിബിഎൽ സാങ്കേതികസമിതി അംഗം ആർ കെ കുറുപ്പ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News