കെ–ഫോൺ ഉദ്‌ഘാടനം ബഹിഷ്‌കരിച്ചു ;
 പട്ടികയിൽ കടന്നുകൂടി



വൈപ്പിൻ കെ–-ഫോൺ പദ്ധതി ഉദ്‌ഘാടനച്ചടങ്ങ്‌ ബഹിഷ്‌കരിച്ച കോൺഗ്രസ്‌ പഞ്ചായത്ത്‌ പ്രസിഡന്റും അംഗങ്ങളും സൗജന്യ കണക്ഷനുവേണ്ടിയുള്ള പട്ടികയില്‍ അനധികൃതമായി കടന്നുകൂടി. വൈപ്പിൻ മണ്ഡലത്തിലെ എടവനക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസീന അബ്ദുൾ സലാം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഡിന്ന ഷിനിൽ, മൂന്നാംവാർഡ്‌ അംഗം നിഷിദ ഫൈസൽ എന്നിവരുടെ വീടുകളാണ്‌ പട്ടികയിലുള്ളത്‌. അസീനയുടെയും നിഷിദയുടെയും ഭർത്താക്കന്മാരുടെയും ഡിന്ന ഷിനിലിന്റെ അമ്മയുടെയും പേരാണുള്ളത്‌. പഞ്ചായത്തിലെ ഓരോ വാർഡിൽനിന്നും നിർധനരായ ഒരാളുടെവീതം പേര് സൗജന്യ കണക്ഷനുവേണ്ടി നൽകാനാണ് ആവശ്യപ്പെട്ടത്. എന്നാൽ, അതിദരിദ്രരെ ഒഴിവാക്കി സ്വന്തം വീടുകൾ പ്രസിഡന്റും കോൺഗ്രസ്‌ അംഗങ്ങളും ഉൾപ്പെടുത്തി. വൈപ്പിൻ മണ്ഡലത്തിലെ 106 വാർഡുകളിലെ 102 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 67–-ാമതായാണ്‌ നിഷിദയുടെ ഭര്‍ത്താവ് ഫൈസലിന്റെ പേരുള്ളത്. പട്ടികയിൽ 77–-ാമതുള്ള  റെജി ജോണ്‍ സ്ഥിരംസമിതി അധ്യക്ഷ ഡിന്ന ഷിനിലിന്റെ അമ്മയാണ്. 78–-ാമതായി പഞ്ചായത്ത് പ്രസിഡന്റ് അസീനയുടെ ഭര്‍ത്താവ് അബ്ദുള്‍ സലാമിന്റെ പേരും. കെ–-ഫോൺ പദ്ധതിയെ കുറ്റംപറഞ്ഞ്‌ മണ്ഡലത്തിലെ ഉദ്‌ഘാടനച്ചടങ്ങിനോട്‌ മുഖംതിരിച്ച പഞ്ചായത്ത്‌ പ്രസിഡന്റും കൂട്ടരും സൗജന്യ കണക്ഷൻ തട്ടിയെടുക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. Read on deshabhimani.com

Related News