പാചകവാതക സിലിണ്ടർ 
പൊട്ടിത്തെറിച്ച്‌ ഒരാൾക്ക്‌ പരിക്ക്‌



കൊച്ചി ചളിക്കവട്ടത്ത് പാചകവാതക സിലിണ്ടറിന്‌ തീപിടിച്ച്‌ ഗൃഹനാഥന് പരിക്ക്‌. ബുധൻ രാവിലെ പുളിയാമ്പിള്ളി ക്ഷേത്രത്തിനുസമീപം പെരുമിറ്റത്ത് പി കെ സുധാകരന്റെ വീട്ടിലാണ് അപകടം. തീപിടിച്ച സിലിണ്ടർ പുറത്തേക്ക് എറിയുന്നതിനിടെ സുധാകരന്റെ കൈക്ക്‌ പെള്ളലേറ്റു. ആശുപത്രിയിലെത്തിച്ച സുധാകരനെ ചികിത്സ നൽകി വിട്ടയച്ചു. പുറത്തുവീണ സിലിണ്ടർ കുറച്ചുസമയം കത്തിയശേഷം പൊട്ടിത്തെറിച്ചു. പാചകത്തിനിടെ വാതകം തീർന്നതിനെ തുടർന്ന് സിലിണ്ടർ മാറ്റി പുതിയത് സ്ഥാപിച്ചശേഷം തീകത്തിക്കുമ്പോഴാണ്‌ തീപിടിത്തം. വാതകചോർച്ചയെ തുടർന്ന് അടുപ്പിൽനിന്ന് തീ സിലിണ്ടറിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. തീപിടിച്ച സിലിണ്ടർ സുധാകരൻ പുറത്തേക്ക് വലിച്ചെറിഞ്ഞതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. പുറത്ത് കുറച്ചുസമയം കത്തിനിന്നശേഷം ഉഗ്ര സ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ചു. ആഘാതത്തിൽ സുധാകരന്റെയും സമീപത്തെ മങ്കുഴിതുണ്ടി വിനോദിന്റെയും പെരുമിറ്റത്ത് ശകുന്തളയുടെയും വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നു. വഴിയരികിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിന് ഭാഗികമായി കേടുപറ്റി. സർവീസ് വയറിനും തീപിടിച്ചു. ഗാന്ധിനഗർ അഗ്നി രക്ഷാസേനയും പാലാരിവട്ടം പൊലീസുമെത്തി. റെഗുലേറ്ററിലെ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരായ ജിപ്സൻ സേവ്യർ, ജോർജ് പ്രദീപ്, കെ കെ നിധിൻ, രമേശൻ, സിബി എന്നിവരാണ് സുധാകരനെ ആശുപത്രിയിൽ എത്തിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.   Read on deshabhimani.com

Related News