കാനകളും തോടും വൃത്തിയാക്കാൻ 
യന്ത്രഭീമന്മാരെത്തി



കൊച്ചി മാൻഹോൾ വൃത്തിയാക്കുന്ന പെരുച്ചാഴി റോബോക്ക്‌ പിന്നാലെ നഗരത്തിലെ കാനകൾ വൃത്തിയാക്കാൻ രണ്ട്‌ യന്ത്രഭീമന്മാർകൂടി രംഗത്ത്‌. കാനകളുടെ 100 മീറ്റർവരെ അകത്തുപോയി മാലിന്യം വലിച്ചെടുക്കുന്ന സക്‌ഷൻ കം ജെറ്റിങ്‌ മെഷീൻ, വലിയ യന്ത്രങ്ങൾ ഉപയോഗിക്കാനാകാത്തിടത്ത്‌ അനായാസം ശുചീകരണത്തിന്‌ എത്തിക്കാവുന്ന  റോബോട്ടിക് എസ്‌കവേറ്റർ എന്നിവയാണ്‌ പ്രവർത്തനമാരംഭിച്ചത്‌. യന്ത്രങ്ങൾ വ്യവസായമന്ത്രി പി  രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്ത്‌ ആദ്യമായി കൊച്ചി നഗരസഭ സ്വന്തമാക്കിയ സക്‌ഷൻ കം ജെറ്റിങ്‌ മെഷീന്‌ 10,000 ലിറ്റർ ശേഷിയുണ്ട്‌. കാനകളുടെ മാൻഹോൾ ഭാഗം മാത്രം നീക്കി യന്ത്രസഹായത്തോടെ 100 മീറ്ററോളം ഉള്ളിൽ കടന്ന്‌  വൃത്തിയാക്കാനാകും. ചെളി ഉൾപ്പെടെ വലിച്ചെടുത്ത്, ടാങ്കറിൽ സംഭരിച്ചശേഷം വെള്ളം വേർതിരിച്ചെടുത്ത് തിരിച്ച്‌ കാനയിലേക്ക്‌  ശക്തിയായി പമ്പ് ചെയ്ത് തടസ്സങ്ങൾ നീക്കും.  തമിഴ്നാട് സർക്കാരും ചെന്നൈ മുനിസിപ്പൽ കോർപറേഷനുമാണ് ദക്ഷിണേന്ത്യയിൽ ആദ്യമായി ഈ യന്ത്രം ഉപയോഗിച്ചത്‌. 4.7 കോടി രൂപയാണ് വില. റോബോട്ടിക് എക്സ്കവേറ്റർ ജെസിബിയും ഹിറ്റാച്ചിയുംപോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കാത്തിടങ്ങളിലും ഉപയോഗിക്കാനാകും.   മേയറുടെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗതീരുമാനപ്രകാരമാണ്‌ യന്ത്രങ്ങൾ വാങ്ങാൻ സർക്കാർ പണം മുടക്കാമെന്ന് തീരുമാനിച്ചത്. തുടർന്നാണ് 4.7 കോടി രൂപ ചെലവിൽ മെഷീൻ നഗരസഭ വാങ്ങിയത്. 6.6 കോടി രൂപ വിലവരുന്ന റോബോട്ടിക് എസ്‌കവേറ്റർ വാടക നൽകിയാണ്‌ ഇപ്പോൾ ഉപയോഗിക്കുന്നത്‌. തുടർന്ന് ഈ മെഷീനും നഗരസഭയ്ക്ക് സർക്കാർ വാങ്ങി നൽകും. സിവേജ് ലൈനിലെ മാൻഹോളുകൾ വൃത്തിയാക്കാനുള്ള ബാൻഡിക്യൂട്ട് എന്ന റോബോട്ടും കഴിഞ്ഞദിവസം നഗരസഭ രംഗത്തിറക്കിയിരുന്നു. യന്ത്രങ്ങളുടെ ഫ്ലാഗ്‌ ഓഫ്‌ ചടങ്ങിൽ മേയർ എം അനിൽകുമാർ, കലക്ടർ എൻ എസ് കെ ഉമേഷ്, നഗരസഭാ സെക്രട്ടറി ബാബു അബ്ദുൾ ഖദീർ, ഇറിഗേഷൻ സൂപ്രണ്ടിങ്‌ എൻജിനിയർ ബാജി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News