ഉണ്ണി കാനായിയുടെ കരവിരുതിൽ 
വർഗീസ്‌ കുര്യന്റെ ശിൽപ്പമൊരുങ്ങി



കൊച്ചി ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ അർധകായ ഗ്ലാസ്‌ ഫൈബർ ശിൽപ്പം ഇടപ്പള്ളി പത്തടിപ്പാലം മിൽമ റീജിയണൽ ഹെഡ് ഓഫീസിനുമുന്നിൽ ഒരുങ്ങി. യുവശിൽപി ഉണ്ണി കാനായി പയ്യന്നൂരിൽ നിർമിച്ച്‌ ഒരാഴ്‌ചമുമ്പ്‌ എത്തിച്ച ശിൽപം കേന്ദ്ര സഹമന്ത്രി എൽ മുരുകൻ ചൊവ്വ പകൽ 10ന്‌ നാടിന്‌ സമർപ്പിക്കും. മൂന്നടിയാണ്‌ ശിൽപത്തിന്റെ ഉയരം. ഭാരം 200 കിലോ. ഇതേ വലിപ്പത്തിലുള്ള സിമന്റ്‌ ശിൽപ്പത്തിന്റെ മൂന്നിലൊന്ന്‌ ഭാരമേ ഫൈബർ നിർമാണത്തിനുള്ളൂ. എന്നാൽ, വെങ്കലശിൽപ്പത്തിന്റെ മിനുപ്പും ഫിനിഷിങ്ങും. നിർമാണച്ചെലവും കുറവെന്ന്‌ ശിൽപ്പി പറഞ്ഞു. ഒരുലക്ഷത്തോളം രൂപയുടെ നിർമാണവസ്‌തുക്കളാണ്‌ വേണ്ടിവന്നത്‌. കളിമണ്ണിൽ മാതൃക മെനഞ്ഞ്‌ അതിനുമേൽ പ്ലാസ്‌റ്റർ ഓഫ്‌ പാരിസ്‌ ഇട്ടശേഷമാണ്‌ ഫൈബർ പൊതിയുന്നത്‌. ഉള്ളു പൊള്ളയാക്കിയാണ്‌ നിർമാണം. നീണ്ടകാലം കുഴപ്പമില്ലാതെ നിലനിൽക്കുമെന്നതാണ് ഫൈബറിന്റെ മറ്റൊരു പ്രത്യേകത. മിൽമയുടെ കോഴിക്കോട്. മണ്ണുത്തി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വർഗീസ്‌ കുര്യന്റെ പ്രതിമകൾ നിർമിച്ചതും ഉണ്ണിയാണ്‌. തുഞ്ചത്ത് എഴുത്തച്ഛൻ,  ശ്രീനാരായണ ഗുരു, എ കെ ജി, സി വി രാമൻപിള്ള, വൈക്കം മുഹമ്മദ്‌ ബഷീർ, എ പി ജെ അബ്‌ദുൾ കലാം തുടങ്ങിയ ചരിത്രപുരുഷന്മാരുടെ പ്രതിമകളും നിർമിച്ചിട്ടുണ്ട്‌. നിരവധി പുരസ്‌കാരങ്ങളും നേടി. കേരള ലളിതകലാ അക്കാദമി ഭരണസമിതി അംഗമാണ്‌. Read on deshabhimani.com

Related News