സ്കൂൾ ബസിനുമുകളിലേക്ക് 
വൈദ്യുതിക്കാൽ വീണു



തൃപ്പൂണിത്തുറ മരട് തുരുത്തി വൈക്കത്തുശേരി റോഡിൽ സ്കൂൾ ബസിനുമുകളിലേക്ക്‌ വൈദ്യുതിക്കാൽ വീണു. കേബിൾ ബസിലുടക്കിയാണ്‌ വൈദ്യുതിക്കാൽ മറിഞ്ഞത്‌. തിങ്കൾ രാവിലെ ഏഴേമുക്കാലിനായിരുന്നു അപകടം. എട്ടുകുട്ടികൾ വാനിലുണ്ടായിരുന്നു. വൈദ്യുതിയില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. വൈറ്റില സബ്സ്റ്റേഷനിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന്‌ കെഎസ്‌ഇബി ജീവനക്കാർ പരിശോധിക്കുന്നതിനിടയിലാണ്‌ പോസ്റ്റ്‌ ബസിനുമുകളിലേക്ക്‌ മറിഞ്ഞത്‌. അതുകൊണ്ടുമാത്രം വലിയ അപകടം ഒഴിവായി. കാറ്റിൽ മരച്ചില്ലകൾ വൈദ്യുതക്കമ്പികളിൽ തട്ടിയുള്ള ഷോർട്ട്‌ സർക്യൂട്ടിലായിരിക്കാം വൈദ്യതിബന്ധം നിലച്ചതെന്ന്‌ അധികൃതർ പറഞ്ഞു. വൈദ്യുതിക്കാലിൽനിന്ന്‌ താഴ്‌ന്നുകിടക്കുന്ന കേബിളുകൾ വാഹനത്തിൽ ഉടക്കിയുള്ള അപകടം മരട്‌ നഗരസഭയിൽ പതിവാണ്‌. കേബിൾ മാറ്റണമെന്ന്‌ പരാതിയുയർന്നിട്ടും അധികൃതർ നടപടി എടുക്കുന്നില്ല. മൂന്നുമാസംമുമ്പ്‌ ചെയർമാന്റെ നേതൃത്വത്തിൽ നഗരസഭയുടെ മുമ്പിലുള്ള കേബിൾ മുറിച്ചു. താഴ്‌ന്നുകിടക്കുന്ന കേബിളുകൾ മുറിച്ചുമാറ്റാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന്‌ സിപിഐ എം മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പി സുനിൽകുമാർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News