കാറിനുപിന്നിൽ കെട്ടിവലിച്ച ക്രൂരതയ്ക്ക്‌ രണ്ടുവർഷം; അബാക്ക യാത്രയായി



പറവൂർ കാറിനുപിന്നിൽ കെട്ടിവലിച്ച് ക്രൂരപീഡനത്തിന്‌ ഇരയായി വാർത്തകളിൽ ഇടംനേടിയ അബാക്ക എന്ന നായ യാത്രയായി. ചെങ്ങമനാട് ഭാഗത്തുവച്ച് ഉടമസ്ഥൻ കാറിനുപിന്നിൽ കെട്ടിവലിച്ചതിനെത്തുടർന്ന് ദേഹമാസകലം റോഡിൽ ഉരഞ്ഞ്‌ ഗുരുതര പരിക്കേറ്റെങ്കിലും അവൾ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നിരുന്നു. രണ്ടുവർഷത്തോളം ആരോഗ്യവതിയായിത്തന്നെ ജീവിച്ചു. 2020 ഡിസംബറിൽ ചെങ്ങമനാട്ടുവച്ചുണ്ടായ  ദാരുണമായ സംഭവത്തിനുശേഷം മൃഗക്ഷേമ സംഘടനയായ ‘ദയ’ അബാക്കയെ ഏറ്റെടുത്തു, ചികിത്സ നൽകി സംരക്ഷിച്ചു. ദയ വൈസ് പ്രസിഡന്റ് ടി ജെ കൃഷ്ണനാണ് അബാക്കയെ സ്വന്തം വീട്ടിൽ പരിപാലിച്ചിരുന്നത്. ദയ പ്രവർത്തകരാണ്‌ അബാക്ക എന്ന പേര്‌ നൽകിയത്. തിങ്കളാഴ്ച രാവിലെ ജീവനറ്റനിലയിൽ കണ്ടു. ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ്‌ വെറ്ററിനറി ഡോക്ടർ അറിയിച്ചതെന്ന്‌ കൃഷ്ണൻ പറഞ്ഞു. Read on deshabhimani.com

Related News