നഗരത്തിൽ പഴുതടച്ച 
പരിശോധന: 510 പേർ അറസ്‌റ്റിൽ



കൊച്ചി ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയാൻ നഗരത്തിൽ പൊലീസ്‌ ആരംഭിച്ച മിന്നൽപ്പരിശോധനയിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ അറസ്‌റ്റിലായത്‌ 510 പേർ. 490 കേസുകൾ രജിസ്‌റ്റർ ചെയ്‌തതില്‍ 64 എണ്ണം ലഹരിമരുന്ന് കേസാണെന്ന് ഡിസിപി എസ് ശശിധരൻ പറഞ്ഞു. മദ്യപിച്ച്‌ വാഹനമോടിച്ച 182 പേരെയും അശ്രദ്ധമായി വാഹനമോടിച്ച 82 പേരെയും പിടികൂടി. പൊതുസ്ഥലത്ത്‌ മദ്യപിച്ചതിന്‌ 25 പേർ പിടിയിലായി. 129 വാറന്റ്‌ പ്രതികളും എട്ട്‌ പിടികിട്ടാപ്പുള്ളികളും അറസ്‌റ്റിലായി. നഗരത്തിൽ വാഹനപരിശോധനയും രാത്രിയിലെ പൊലീസ്‌ പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്‌. കലൂർ, പാലാരിവട്ടം, സ്‌റ്റേഡിയം, സൗത്ത്‌, നോർത്ത്‌ റെയിൽവേ സ്‌റ്റേഷൻ, കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌, പനമ്പിള്ളി നഗർ, വൈറ്റില ജങ്‌ഷൻ എന്നിവിടങ്ങളില്‍ രാത്രിപരിശോധന കൂടുതല്‍ ശക്തമാക്കി. ലഹരി ഉപയോഗ, വിൽപ്പനകേന്ദ്രങ്ങളിൽ മിന്നൽപ്പരിശോധന നടത്തി പ്രതികളെ പിടികൂടുകയാണ്‌ ലക്ഷ്യം. മറൈൻഡ്രൈവ് വാക്‌വേ, ചാത്യാത്ത്‌ റോഡ്‌ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന നടത്തി. കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡിനുസമീപത്തെ അംബേദ്‌കർ സ്‌റ്റേഡിയംവളപ്പിലെ കാട്‌ പൊലീസ്‌ വെട്ടിത്തെളിച്ചിരുന്നു. നോർത്ത് റെയിൽവേ മേൽപ്പാലംമുതൽ റെയിൽവേ സ്‌റ്റേഷൻ പരിസരംവരെ ലോഡ്ജുകൾ പരിശോധിച്ചു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു. നോർത്ത്‌, സൗത്ത്‌ മേൽപ്പാലങ്ങളുടെ താഴെയും ശക്തമായ പരിശോധന നടത്തുന്നുണ്ട്‌. Read on deshabhimani.com

Related News