പരാതിയോ? പരിഹാരം 
ഇവിടെയുണ്ട്‌

എറണാകുളം കലക്ടറേറ്റിൽ നടന്ന അദാലത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനു മുമ്പാകെ ഇ എം റിജീഷ് പരാതികൾ ബോധിപ്പിക്കുന്നു


കൊച്ചി വ്യവസായികളുടെയും സംരംഭകരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യവസായമന്ത്രി പി രാജീവ്‌ സംഘടിപ്പിക്കുന്ന  ‘മീറ്റ് ദ മിനിസ്റ്റർ അദാലത്തി’ന്റെ ജില്ലാതല തുടർപരിപാടിയിൽ പരിഹരിച്ചത് 36 പരാതി. ‌കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 48 പരാതി ലഭിച്ചു. 12 പരാതി സർക്കാർ തീരുമാനത്തിനായി വിട്ടു. ജൂൺ 15ന്‌ നടന്ന മീറ്റ് ദ മിനിസ്റ്റർ അദാലത്തിൽ ഹിയറിങ്ങിന്‌ എടുക്കാതിരുന്ന പരാതികളാണ് തിങ്കളാഴ്‌ച പരി​ഗണിച്ചത്. പരാതികളിൽ ഏറിയപങ്കും വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടവ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കാത്തവ, പട്ടയവുമായി ബന്ധപ്പെട്ടവ, കെഎസ്ഇബിയുമായി ബന്ധപ്പെട്ടവ, കെട്ടിടനിർമാണത്തിന് മണ്ണെടുക്കാൻ ജിയോളജിവകുപ്പിന്റെ അനുമതി ലഭിക്കാത്തവ തുടങ്ങിയവയാണ്‌. കലക്ടർ ജാഫർ മാലിക്കിന്റെയും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിജു പി എബ്രഹാമിന്റെയും അധ്യക്ഷതയിലുള്ള സമിതിയാണ് പരാതികൾ കേട്ടത്. ബന്ധപ്പെട്ട വകുപ്പുമേധാവികളോട് ചർച്ച ചെയ്താണ് പരാതികൾ തീർപ്പാക്കിയത്. ജില്ലയിലെ ഏകജാലകസംവിധാനംവഴി ഇനിയും പരാതികൾ സ്വീകരിക്കുമെന്ന് കലക്ടർ ജാഫർ മാലിക് അറിയിച്ചു. വ്യവസായസംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തരശ്രമമുണ്ടാകും. മറ്റു ജില്ലകൾക്ക് മാതൃകയാക്കാവുന്ന തുടർപരിപാടിയാണ് സംഘടിപ്പിച്ചതെന്ന് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. സബ് കലക്ടർ ഹാരിസ് റഷീദ്, അസിസ്റ്റന്റ്‌ കലക്ടർ സച്ചിൻ യാദവ് എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News