പാലക്കുഴയിൽ യുവതിക്ക് കോവിഡ്; കൂത്താട്ടുകുളത്ത് ഒരാൾക്ക് രോഗമുക്തി



കൂത്താട്ടുകുളം പാലക്കുഴ പഞ്ചായത്തിലെ കോഴിപ്പിള്ളിയിൽ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രസവ ചികിത്സയ്‌ക്കുശേഷം എത്തിയതായിരുന്നു. പനിയെത്തുടർന്ന് ശനിയാഴ്ച ഇവരുടെ സ്രവപരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതോടെ യുവതിയെയും കൈക്കുഞ്ഞിനെയും ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ബന്ധുക്കളെ നിരീക്ഷണത്തിലാക്കിയെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജോഷി സ്കറിയ അറിയിച്ചു. കൂത്താട്ടുകുളം നഗരസഭയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരിൽ ഒരാൾ തിങ്കളാഴ്ച രോഗമുക്തനായി. ഇവരുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേരുടെ പരിശോധനാഫലം തിങ്കളാഴ്ച നെഗറ്റീവാണ്. നഗരസഭയിൽ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച ഒമ്പതാം ഡിവിഷനിലേക്കുള്ള  റോഡുകൾ പൊലീസ് അടച്ചു. ഒരു കുടുംബത്തിലെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഞായറാഴ്ചയാണ് ഡിവിഷൻ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇവിടത്തെ താമസക്കാർക്ക് അത്യാവശ്യ കാര്യങ്ങൾക്കുമാത്രമേ പുറത്തേക്ക് ഇറങ്ങാൻ സാധിക്കുകയുള്ളൂ. ഇതിനായി അമ്പലം ഭാഗത്തേക്കുള്ള റോഡ് ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഏഴു ദിവസത്തേക്കാണ് നിയന്ത്രണം. Read on deshabhimani.com

Related News