വികലമായ കേന്ദ്ര വിദ്യാഭ്യാസനയം ; സർവകലാശാല ജീവനക്കാർ 5ന്‌ ക്യാമ്പസുകളിൽ പ്രതിഷേധിക്കും



കളമശേരി പാർലമെന്റിൽപ്പോലും ചർച്ച ചെയ്യാതെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികലമായ വിദ്യാഭ്യാസ നയത്തിനെതിരെ സർവകലാശാല ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. ഇതിന് മുന്നോടിയായി ക്യാമ്പസുകളിൽ ബുധനാഴ്ച ശക്തമായ പ്രതിഷേധമുയർത്തണമെന്ന് സർവകലാശാല ജീവനക്കാരുടെ സംസ്ഥാന കോൺഫെഡറേഷൻ (സിയുഇഒ) പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസനയ പരിഷ്കരണത്തിലൂടെ വൈവിധ്യങ്ങളെ നിരാകരിച്ച് രാജ്യത്ത് കാവിവൽക്കരണം ത്വരിതപ്പെടുത്തുകയാണ് ബിജെപി സർക്കാർ. പുതിയ വിദ്യാഭ്യാസനയം പ്രത്യക്ഷത്തിൽത്തന്നെ സാമൂഹ്യനീതിയുടെ അസന്തുലിതാവസ്ഥയ്‌ക്ക് കാരണമാകും. നിലവാരം മെച്ചപ്പെടുത്താൻ എന്നപേരിൽ തികച്ചും കേന്ദ്രീകൃത രഹസ്യ അജൻഡകളാണ് നടപ്പാക്കുന്നത്. പുതിയ കോഴ്സുകൾ, പാഠ്യപദ്ധതി, ഗവേഷണ മേഖലകളും വിഷയങ്ങളും കണ്ടെത്തൽ എന്നിവ കേന്ദ്രീകൃത നിയന്ത്രണത്തിലൂടെയാണ് തീരുമാനിക്കുക. യുജിസിയെ ഇല്ലാതാക്കി ഉന്നതവിദ്യാഭ്യാസരംഗത്ത് സമ്പൂർണ വ്യവസായവൽക്കരണത്തിനും ഏകാധിപത്യത്തിനും വഴിയൊരുക്കുന്നതാണ് പുതിയ നയം. പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ കമീഷൻ ആണ്‌ ഇവ നിയന്ത്രിക്കുക. കോളേജുകൾക്ക് യഥേഷ്ടം സ്വയംഭരണാവകാശവും വിദേശ സർവകലാശാലകൾക്ക് സ്വതന്ത്രമായ പ്രവർത്തനാനുമതിയും നൽകുന്ന നയം രാജ്യത്തെ സർവകലാശാലകളുടെ അന്ത്യം കുറിക്കാൻ ഇടയാക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽനിന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പുറംതള്ളപ്പെടും.  സ്ഥാപനങ്ങളിലെ ജനാധിപത്യബോധത്തിനും കൂട്ടായ്മകൾക്കും നിയന്ത്രണം വരുത്തി പ്രതികരണശേഷി ഇല്ലാത്ത തലമുറയെ സൃഷ്ടിക്കാനുള്ള  ഗൂഢാലോചനയും നയത്തിനു പിന്നിലുണ്ട്‌. ഈ നയത്തിന്റെ പ്രത്യാഘാതങ്ങൾ നേരിട്ട് അനുഭവിക്കുന്ന വിഭാഗമാണ് അനധ്യാപക ജീവനക്കാർ. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും തസ്തികകൾ ഇല്ലാതാക്കിയും കരാർ ദിവസവേതന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കാൻ ആവശ്യപ്പെട്ടും കേന്ദ്ര നിർദേശങ്ങൾ ഇതിനു ചുവടുപിടിച്ച് ഇറങ്ങും.  ഭരണഘടനാതത്വങ്ങൾക്കും ഫെഡറൽമൂല്യങ്ങൾക്കും വിരുദ്ധമായ നിർദേശങ്ങൾ ഉള്ള പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ കേരളത്തിലെ സർവകലാശാലകളിലെ അനധ്യാപക ജീവനക്കാർ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഉയർന്നുവരുന്ന ജനകീയ പ്രതിരോധത്തിൽ സമ്പൂർണ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി കെ ബിജുവും ജനറൽ സെക്രട്ടറി ഹരിലാലും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News