ആക്രി ശേഖരിക്കാൻ മന്ത്രിയുമുണ്ട്‌, എല്ലാരും കൂടിക്കോ



കളമശേരി കളമശേരി മണ്ഡലത്തെ മാലിന്യമുക്തമാക്കാൻ ജനകീയ ശുചീകരണ പരിപാടിക്ക് തുടക്കം.  വിവിധ പ്രദേശങ്ങളിൽ വീടുകളിൽനിന്ന്‌ ആക്രിസാധനങ്ങൾ ശേഖരിക്കാൻ മണ്ഡലത്തിലെ എംഎൽഎയായ വ്യവസായമന്ത്രി പി രാജീവുതന്നെ നേതൃത്വം നൽകിയപ്പോൾ ആളുകളും ഒപ്പം ചേർന്നു. കളമശേരി നഗരസഭയിലെ തിരുനിലത്ത് ലെയ്‌നിലെ വീടുകളിൽനിന്ന് ആക്രി ശേഖരിച്ചാണ് ‘ശുചിത്വത്തിനൊപ്പം കളമശേരി' പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടിക്ക് മന്ത്രി തുടക്കംകുറിച്ചത്. പുതുശേരിമല, ഏലൂർ മേത്താനം, കടുങ്ങല്ലൂർ വാർഡ് 13, ആലങ്ങാട്‌ നീറിക്കോട്, കരുമാല്ലൂർ വാർഡ് 17, കുന്നുകര വാർഡ് 10 എന്നിവിടങ്ങളിലും മന്ത്രിയെത്തി ആക്രി ശേഖരിച്ചു. വീടുകളിൽ ബോധവൽക്കരണ സന്ദേശങ്ങൾ കൈമാറി. മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹരിതകർമസേന, കുടുംബശ്രീ, റസിഡന്റ്‌സ്‌ അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, റസ്‌റ്റോറന്റ് അസോസിയേഷനുകൾ, പൗരസമൂഹ സംഘടനകൾ തുടങ്ങിയവയുടെയും കോളേജ് വിദ്യാർഥികടക്കം ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ശുചീകരണയജ്ഞം നടത്തുന്നത്. വൃത്തിയാക്കുന്ന പൊതുസ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിച്ചും നിരന്തര പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയും നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. അവിടങ്ങളിൽ ഓപ്പൺ ജിം, ഓപ്പൺ പാർക്കുകൾ എന്നിവ സജ്ജീകരിക്കും. എൽപി ക്ലാസ്‌വരെയുള്ള വിദ്യാർഥികളിൽ ചിത്രകലാരൂപത്തിൽ ബോധവൽക്കരണം നടത്തും. ഞായറും തിങ്കളും ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധമേഖലകൾ വൃത്തിയാക്കുകയും വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്യും. ബിപിസിഎല്ലിന്റെ അംഗീകാരം ലഭിച്ചാൽ ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് നിർമാണത്തിന്‌ നടപടികൾ ഉടൻ ആരംഭിക്കുമെന്നും കൊച്ചിയിലെ മാലിന്യപ്രശ്നത്തിൽ ഗൗരവമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളിൽ ഇന്നുമുതൽ മണ്ഡലത്തിൽ പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലുമുള്ള മാലിന്യം നീക്കംചെയ്ത് വൃത്തിയാക്കുന്ന പരിപാടി ഞായർ രാവിലെ 8.30ന് കളമശേരി ചാക്കോളാസ് ജങ്‌ഷനിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കുന്നുകരയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ശുചീകരണയജ്ഞം ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News