രജതജൂബിലിത്തിളക്കത്തിൽ 
അമൃത ആശുപത്രി



കൊച്ചി ആതുരസേവനരംഗത്ത്‌ 25 വർഷത്തെ പ്രവർത്തനമികവുമായി അമൃത ആശുപത്രി. രജതജൂബിലിവർഷത്തിൽ 65 കോടി രൂപയുടെ സൗജന്യ ചികിത്സാപദ്ധതിയാണ്‌ ആശുപത്രി പ്രഖ്യാപിച്ചിരിക്കുന്നത്‌. എല്ലാവർഷവും നടപ്പാക്കുന്ന 40 കോടിയുടെ പരിപാടികൾക്കുപുറമെയാണിത്‌. ഒരുവർഷത്തെ രജതജൂബിലി ആഘോഷങ്ങൾ ഞായർ പകൽ മൂന്നിന് ആശുപത്രിമൈതാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. കൊല്ലത്തെ അമൃതപുരിയിലും കൊച്ചിയിലെ അമൃത ആശുപത്രിയിലുമായി ആരംഭിക്കുന്ന ഗവേഷണകേന്ദ്രങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. രജതജൂബിലി സുവനീർ മന്ത്രി വീണാ ജോർജ്‌ പ്രകാശിപ്പിക്കും. ഗൈനക്കോളജി, പീഡിയാട്രിക് കാർഡിയോളജി, വൃക്ക–- മുട്ട്–- മജ്ജ എന്നിവ മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയകൾ, കുട്ടികളിലെ കരൾ മാറ്റിവയ്ക്കൽശസ്ത്രക്രിയ തുടങ്ങിയവയാണ് സൗജന്യ ചികിത്സാപദ്ധതിയിൽ ഉൾപ്പെടുന്നത്. എല്ലാമാസവും സൗജന്യമായി 240 പ്രസവശസ്ത്രക്രിയകൾ ആശുപത്രിയിൽ നടത്തുന്നുണ്ട്. ആശുപത്രി തുടങ്ങിയവർഷംമുതൽ 2022 വരെ 59,28,728 പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. 816 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. കാൽനൂറ്റാണ്ടുമുമ്പ് പോണേക്കരയിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ആശുപത്രിയിലുണ്ടായിരുന്നത് 125 കിടക്കകളും രണ്ട് കെട്ടിടങ്ങളുമായിരുന്നു. ഇന്ന്‌ 1350 കിടക്കകളുള്ള ആശുപത്രിയും ആരോഗ്യഗവേഷണശാലയും മെഡിക്കൽ വിദ്യാഭ്യാസകേന്ദ്രവുമാണ്‌. അറുപത്‌ വിഭാഗങ്ങളിൽ ചികിത്സയുണ്ട്. 17 മികവിന്റെ കേന്ദ്രങ്ങളും 31 അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകളും 670 ഫാക്കൽറ്റി അംഗങ്ങളും 4500 അനുബന്ധ ജീവനക്കാരുമുണ്ട്‌. 1998 മെയ് 17ന് പ്രധാനമന്ത്രി എ ബി വാജ്‌പേയിയാണ് ആശുപത്രി ഉദ്ഘാടനം ചെയ്‌തത്. ഇന്ത്യയിലെ ആദ്യ കൈ മാറ്റിവയ്ക്കൽശസ്ത്രക്രിയയും കേരളത്തിലെ ആദ്യ കരൾ മാറ്റിവയ്ക്കൽശസ്ത്രക്രിയയും ഇവിടെയായിരുന്നു. ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സിസ്റ്റം ഉപയോഗിച്ച് നാലായിരത്തിലധികം ശസ്ത്രക്രിയകൾ നടത്തിയ, കേരളത്തിലെ ആദ്യ ആശുപത്രിയാണ്. റോബോട്ടിക് സഹായത്തോടെ രാജ്യത്താദ്യമായി മുട്ടും ഇടുപ്പും മാറ്റിവച്ചതും ഇവിടെയാണ്. Read on deshabhimani.com

Related News