പുറയാറിൽ രാത്രിയിൽ രാസമാലിന്യം കത്തിച്ചു ; 25,000 രൂപ പിഴ ഈടാക്കി



നെടുമ്പാശേരി ചെങ്ങമനാട് പഞ്ചായത്തിലെ 14–--ാം വാർഡ്‌ പുറയാറിൽ അനധികൃതമായി സംഭരിച്ച ആശുപത്രിമാലിന്യങ്ങളും വ്യവസായശാലകളിലെ രാസമാലിന്യങ്ങളുമടക്കം കത്തിച്ച വ്യക്തിക്കെതിരെ നടപടിയെടുത്തു. മാലിന്യം തള്ളിയ ഏജൻസിയെ കണ്ടെത്തി 25,000 രൂപ പിഴ അടപ്പിക്കുകയും അലക്ഷ്യമായി മാലിന്യം  തള്ളിയവരെക്കൊണ്ട് കോരിമാറ്റിക്കുകയും ചെയ്തു. മാലിന്യം സംഭരിച്ച സ്ഥലമുടമ പുറയാർ സ്വദേശി ജലീലിനും പഞ്ചായത്ത് നോട്ടീസ് നൽകും. വെള്ളി രാത്രിയോടെയാണ് വൻതോതിൽ സംഭരിച്ച മാലിന്യം കത്തിച്ചത്. പരിസരമാകെ പുക പടർന്നതോടെ വയോധികർ, കുട്ടികൾ, രോഗികളടക്കം ദുരിതത്തിലായതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി. അഗ്നി രക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ്  തീ കെടുത്തിയത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ശനി രാവിലെ ഹെൽത്ത് ഇൻസ്പെക്ടർ പി ഇ അനീസ, പി ജെ ജോഷി, വാർഡ് അംഗം ടി വി സുധീഷ് എന്നിവർ സ്ഥലത്തെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചു. Read on deshabhimani.com

Related News