ആട്‌ മാഞ്ചിയം തട്ടിപ്പ്‌ പ്രതി 
പീഡനക്കേസിൽ അറസ്‌റ്റിൽ



കൊച്ചി ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകേസ് പ്രതി, എറണാകുളം മറൈൻഡ്രൈവിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന സിനിമാ നിര്‍മാതാവായ തൃശൂര്‍ നടത്തറ സിറ്റാഡല്‍ ഹൗസില്‍ മാർട്ടിൻ സെബാസ്റ്റ്യൻ (57) പീഡനക്കേസിൽ അറസ്റ്റിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. മുൻകൂർ ജാമ്യം ലഭിച്ച പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. എറണാകുളം സെൻട്രൽ പൊലീസാണ് പീഡനക്കേസിൽ മാർട്ടിൻ സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാകണം എന്ന കോടതി നിർദേശത്തെത്തുടർന്നാണ് സെൻട്രൽ സ്റ്റേഷനിലെത്തിയത്. 2000 മുതല്‍ 2022 ആഗസ്ത്‌ വരെയുളള കാലയളവില്‍ എറണാകുളം, വയനാട്, മുംബൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽവച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. സിനിമയില്‍ അവസരവും വിവാഹ വാഗ്ദാനവും ചെയ്തായിരുന്നു പീഡനം. കൂടാതെ 78,60,000 രൂപയും 80 പവനും തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായും തൃശൂർ സ്വദേശിനിയുടെ പരാതിയിലുണ്ട്‌.  1990കളിൽ നടന്ന ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയാണ്‌ മാർട്ടിൻ സെബാസ്റ്റ്യൻ. മാർട്ടിനും സഹോദരങ്ങളായ എം എസ് തങ്കച്ചൻ, എം എസ് ആന്റണി, എം എസ് തോമസ് എന്നിവർ ചേർന്ന് സൂര്യനെല്ലി പ്ലാന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ആസ്ഥാനമായി തുടങ്ങി. 1000 രൂപ മുടക്കുന്നവർക്ക് 20 വർഷങ്ങൾക്കുശേഷം ഒരുലക്ഷം രൂപയോ 20 ക്യൂബിക് അടി തേക്ക് മരങ്ങളോ ലഭിക്കും എന്ന് പരസ്യം ചെയ്ത് കോടിക്കണക്കിന് രൂപ  ജനങ്ങൾനിന്ന്‌ പിരിച്ചെടുക്കുകയായിരുന്നു. Read on deshabhimani.com

Related News