ടിപ്പർ, ക്വാറി സമരം: ചെല്ലാനത്തെ പുലിമുട്ടുനിർമാണം നിലച്ചു



കൊച്ചി ദിവസ ങ്ങളായി തുടരുന്ന ലോറി, കരിങ്കൽ ക്വാറി സമരംമൂലം ചെല്ലാനത്തെ കടൽഭിത്തി നിർമാണത്തിന്റെ അവസാനവട്ട ജോലികൾ നിലച്ചു. ജനുവരി 23 മുതൽ ടിപ്പർലോറി ഉടമകളും തൊഴിലാളികളും ആരംഭിച്ച സമരത്തെ തുടർന്നുതന്നെ കടൽഭിത്തിനിർമാണം മന്ദഗതിയിലായിരുന്നു.  30 മുതൽ ക്വാറി, ക്രഷർ സമരംകൂടി ആരംഭിച്ചതോടെ ജോലികൾ പൂർണമായി നിലച്ചു. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ചെല്ലാനം കടൽഭിത്തിയുടെയും പുലിമുട്ടുകളുടെയും നിർമാണം കരാർകാലാവധിക്കുമുമ്പേ പൂർത്തിയാകുന്നഘട്ടത്തിൽ എത്തിയതാണ്‌. ഏഴരക്കിലോമീറ്ററോളം നീളത്തിൽ കടൽഭിത്തിയുടെ നിർമാണം ഉൾപ്പെടെ 80 ശതമാനത്തിലേറെ ജോലി പൂർത്തിയായിട്ടുണ്ട്‌. നാലു വലിയ പുലിമുട്ടുകളും രണ്ട്‌ ചെറിയ പുലിമുട്ടുകളുമാണ്‌ നിർമിക്കുന്നത്‌. ഇതിൽ ചെറിയ പുലിമുട്ടുകളിലൊന്ന്‌ പൂർത്തിയായി. വലിയ പുലിമുട്ടുകളിലൊന്നിന്റെ നിർമാണം തുടങ്ങിവച്ചു. ശേഷിക്കുന്നവയുടെ നിർമാണം ആരംഭിക്കേണ്ടതുണ്ട്‌.  കരിങ്കല്ല്‌ ആവശ്യത്തിന്‌ കിട്ടിയിരുന്നെങ്കിൽ കരാർകാലാവധിക്കുമുമ്പേ എല്ലാ നിർമാണവും പൂർത്തിയാക്കാനാകുമായിരുന്നു. ശേഷിക്കുന്ന പുലിമുട്ട്‌ സ്ഥാപിക്കാനും അവയ്‌ക്കുമുകളിൽ നിരത്തേണ്ട ടെട്രാപോഡുകളുടെ  നിർമാണത്തിനും നൂറുകണക്കിന്‌ ലോഡ്‌  കരിങ്കല്ല്‌ ഇനിയും ആവശ്യമുണ്ട്‌. ക്വാറി, ടിപ്പർലോറി സമരം ആരംഭിച്ചതോടെ എല്ലാ നിർമാണവും നിലച്ചെന്ന്‌  കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയുടെ സീനിയർ പ്രോജക്ട്‌ ഓഫീസർ എൻ രമേശൻ പറഞ്ഞു. സമരം നീണ്ടാൽ പദ്ധതി പൂർത്തിയാകുന്നത്‌ നീളും. മഴ ആരംഭിച്ചാൽ നിർമാണം അസാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News