പുതുമോടിയിൽ മഹാരാജാസ്‌ കോളേജ്‌ ഓഡിറ്റോറിയം



കൊച്ചി മഹാരാജാസ്‌ കോളേജിന്റെ ഗാംഭീര്യം ഉയർത്തി പുത്തൻ ഓഡിറ്റോറിയം. കിഫ്‌ബി ഫണ്ടിന്റെ കരുത്തിൽ നിർമിച്ച ഓഡിറ്റോറിയത്തിന്റെ നിർമാണം ആഗസ്‌തിൽ പൂർത്തിയാകും. തുടർന്ന്‌ പൊതുജനങ്ങൾക്കായി തുറന്നുനൽകും.  3875.65 ചതുരശ്രയടി വിസ്തൃതിയിലാണ് പുതിയ ഓഡിറ്റോറിയം. കിഫ്‌ബി ഫണ്ടിൽനിന്ന്‌ 13 കോടി രൂപ ചെലവിലാണ്‌ നിർമാണം. നേരത്തേയുണ്ടായിരുന്ന ഓഡിറ്റോറിയം പൊളിച്ചാണ്‌ പുതിയത്‌ നിർമിച്ചത്‌. മൂന്നുനിലകളുള്ള കെട്ടിടത്തിൽ അതിഥികൾക്ക്‌ പ്രവേശിക്കാനുള്ള പ്രത്യേക കവാടം, പ്രായമായവർക്കും ശാരീരിക വൈകല്യമുള്ളവർക്കുമടക്കം ഹാളിൽ പ്രവേശിക്കുന്നതിന് ലിഫ്റ്റ്, ഓപ്പൺ എയർ ആംഫി തിയറ്റർ എന്നിവയുണ്ട്‌.  താഴത്തെ നില പാർക്കിങ്ങിനാണ്. ഹാളിൽ 700 പേരും ബാൽക്കണിയിൽ 350 പേരുമടക്കം 1050 പേർക്ക് ഇരിക്കാം. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്‌. 1975ൽ മഹാരാജാസ് കോളേജ് 100 വർഷം തികച്ചപ്പോൾ നിർമിച്ചതാണ് പഴയ സെന്റിനറി ഓഡിറ്റോറിയം. ഇതിന്റെ വേദിയും മേൽക്കൂരയുമടക്കം ജീർണിക്കുകയും ചോർച്ചയുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ്‌ ആധുനിക സംവിധാനങ്ങളോടെ പുതിയത്‌ നിർമിക്കാൻ തീരുമാനിച്ചത്‌. മഹാരാജാസ്‌ കോളേജിലെ ഓഡിറ്റോറിയം പൂർത്തിയാകുന്നതോടെ നഗരത്തിലെ ചെറുതും വലുതുമായ പരിപാടികൾ ഇവിടെ നടത്താനാകും. Read on deshabhimani.com

Related News