എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം: കുടുംബശ്രീ കലാജാഥ ആരംഭിച്ചു



കൊച്ചി മാലിന്യപ്രശ്നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹരിതകർമസേന പ്രവർത്തനങ്ങൾക്ക് വ്യാപകപ്രചാരണം നൽകുന്നതിനായി കുടുംബശ്രീയുടെ അഗ്നിരംഗശ്രീ തിയറ്റർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കലാജാഥ പര്യടനം ആരംഭിച്ചു. 17 ദിവസങ്ങളിലായി 51 കേന്ദ്രങ്ങളിൽ തെരുവുനാടകം അവതരിപ്പിക്കും. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’എന്ന മുദ്രാവാക്യം ഉയർത്തി ഹരിതകേരളം സാധ്യമാക്കാൻ ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കാനാണ്‌ കലാജാഥയിലൂടെ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്‌ച തൃക്കാക്കരയിലും കൊച്ചി സമൃദ്ധിക്കടുത്തും തൃപ്പൂണിത്തുറ സ്‌റ്റാച്യു ജങ്ഷനിലും അവതരിപ്പിച്ചു. ശനി രാവിലെ 10.30ന്‌ കളമശേരി നഗരസഭാ ജങ്ഷനിലും 12ന്‌ ചൂർണിക്കരയിലും വൈകിട്ട്‌ നാലിന്‌ ആലുവ റെയിൽവേ ജങ്ഷനിലും അവതരണം നടക്കും. അജൈവമാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും പുരയിടങ്ങളിലും അലക്ഷ്യമായി വലിച്ചെറിയാതെ തരംതിരിച്ച് ഹരിതകർമസേനയ്ക്ക് നൽകുന്നതിലൂടെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന ആശയമാണ് തെരുവുനാടകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ  സംവിധാനങ്ങളും ജനവും ഒറ്റക്കെട്ടായി പരിശ്രമിച്ചാലേ മാലിന്യപ്രശ്നം പരിഹരിക്കാനാകൂ.  ജില്ലയിലെ വിവിധ അയൽക്കൂട്ടങ്ങളിൽനിന്നുള്ള അംഗങ്ങളായ സിനി, ജിജ, സിന്ധു, ലൈസ, ആൽബി, സീത എന്നീ കലാകാരികളാണ് കലാജാഥ നയിക്കുന്നത്. മാലിന്യപ്രശ്നങ്ങൾ രൂക്ഷമായ ഇടങ്ങൾ കേന്ദ്രീകരിച്ച് കലാജാഥ അവബോധം രൂപീകരണപ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ നടത്തുമെന്ന് ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ ടി എം റജീന അറിയിച്ചു. Read on deshabhimani.com

Related News