മന്ത്രിയെ കരുവാക്കി എന്തിനീ വിവാദം ; മന്ത്രി കെ ടി ജലീലിന് ദുരുദ്ദേശ്യമോ, പിഴവോ ഉണ്ടായിട്ടില്ലെന്ന്‌ ‘ഇർശാദ്‌’ ഭാരവാഹികൾ



എടപ്പാൾ (മലപ്പുറം) ‘‘പരിശുദ്ധ ഖുർആനിന്റെ പേരിൽ എന്തിനാണ് ഇത്ര വിവാദം. ഇത് അങ്ങേയറ്റം ഖേദകരമാണ്. വിശുദ്ധഗ്രന്ഥം എത്തിച്ചതിന്‌ പിന്നിൽ മന്ത്രി കെ ടി ജലീലിന് ഏതെങ്കിലും തരത്തിൽ ദുരുദ്ദേശ്യമോ, പിഴവോ ഉണ്ടായതായി കരുതുന്നില്ല–- ചങ്ങരംകുളം പന്താവൂർ ഇർശാദ് സ്ഥാപനങ്ങളുടെ പ്രസിഡന്റ്‌‌ സിദ്ധീഖ് മൗലവി അയിലക്കാടിന്റെ വാക്കുകൾ. യുഎഇ കോൺസുലേറ്റ്‌ വഴി വിതരണംചെയ്‌ത 16 പെട്ടി ഖുർആൻ വിദ്യാഭ്യാസ സ്ഥാപനമായ  ഇർശാദിലാണുള്ളത്‌. ഒരു പെട്ടിയിൽ 32 എണ്ണം. ഇതിന്റെ പേരിൽ അനാവശ്യവിവാദങ്ങളാണ്‌ ഉണ്ടാക്കുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറിയും മദ്രസ അധ്യാപക ക്ഷേമനിധി ബോർഡംഗവുമായ സിദ്ധീഖ് മൗലവി പറഞ്ഞു.  ‘‘എടപ്പാളിനടുത്ത് നടുവട്ടത്ത് ഒരു വീടിന്റെ താക്കോൽദാന ചടങ്ങിലാണ്‌ യുഎഇ  കോൺസുലേറ്റ് വഴി സൗജന്യവിതരണത്തിന്‌ ഖുർആൻ അയക്കുമെന്ന്‌ മന്ത്രി ‌അറിയിച്ചത്‌. പരിസരങ്ങളിൽ അത് കൊടുക്കണമെന്നും പറഞ്ഞു. ജൂലൈ ഒന്നിന് പുലർച്ചെ നാലരയോടെ വണ്ടിയെത്തി. സ്ഥാപനത്തിലെ സെക്യൂരിറ്റിക്കാരൻ വാഹനത്തിൽനിന്ന് ഖുർആൻ നിറച്ച പെട്ടികൾ വരാന്തയിൽ ഇറക്കി. അത്‌ രണ്ടാഴ്ചയോളം അവിടെനിന്ന്‌ മാറ്റിയില്ല.  കള്ളത്തരത്തിലൂടെയാണ്  എത്തിച്ചതെങ്കിൽ  പെട്ടികൾ അവിടെ വയ്‌ക്കുമോ.  വിവാദമായപ്പോഴാണ്  മുകളിലത്തെ മുറിയിലേക്ക്‌ മാറ്റിയത്‌–- സിദ്ധീഖ് മൗലവി പറഞ്ഞു.  യുഎഇ സർക്കാരിനുകീഴിൽ പണ്ഡിതർ സൂക്ഷ്‌മ പരിശോധന നടത്തി പ്രിന്റ്‌ ചെയ്ത ഗുണനിലവാരമുള്ള ഖുർആനുകളാണ്‌ പെട്ടിയിലുണ്ടായിരുന്നതെന്ന് ഇർശാദ്‌ ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദാലി, ട്രഷറർ വി പി ഷംസുദ്ധീൻ ഹാജി എന്നിവർ പറഞ്ഞു. യുഎഇ സർക്കാരിന്റെ ഇസ്ലാമിക് അഫയേഴ്‌സ്‌ ആൻഡ് ചാരിറ്റബിൾ ആക്ടിവേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് വിതരണം. ഇത് സൗജന്യമായിട്ടാണ് നൽകേണ്ടത്‌. ഖുർആനിന്റെ അവസാന പേജിൽ ആ വിവരങ്ങളും സീലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്–- ഭാരവാഹികൾ പറഞ്ഞു. തിരൂർ ആലത്തിയൂരിലെ ‘ദാറുൽ ഫുർക്കാൻ’‌ സ്ഥാപനത്തിലും ഇത്തരത്തിൽ 32 പെട്ടികൾ എത്തിച്ചിട്ടുണ്ട്. Read on deshabhimani.com

Related News