സമസ്‌തയെ തള്ളി ലീഗ്‌ സമരം, പിന്നിൽ ജമാഅത്തെ സമ്മർദം



കോഴിക്കോട്‌ വഖഫ്‌ വിഷയത്തിൽ സ്വന്തമായി സമരത്തിനിറങ്ങാനുള്ള മുസ്ലിംലീഗ്‌ തീരുമാനത്തിനു‌ പിന്നിൽ സമസ്‌തയോടുള്ള അതൃപ്‌തിയും  പ്രതിഷേധവും. ലീഗിന്റെ പള്ളി സമരത്തെ പിന്നിൽ നിന്ന്‌ കുത്തി സമസ്‌ത നാണം കെടുത്തിയെന്നാണ്‌  നേതൃത്വത്തിന്റെ വിലയിരുത്തൽ. വെള്ളിയാഴ്‌ച ചേർന്ന ഉന്നതാധികാര സമിതിയിൽ പ്രമുഖ നേതാക്കൾ ഈ വികാരം പങ്കിട്ടതായാണ്‌ സൂചന. സമസ്‌തയില്ലെങ്കിലും വഖഫ്‌ സമരവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനു‌ പിന്നിൽ ജമാഅത്തെ ഇസ്ലാമിയുടെ കനത്ത സമ്മർദവുമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ മുഖം രക്ഷിക്കാൻ ഉന്നതാധികാര സമിതി ചേർന്ന്‌ ഒമ്പതിന്‌ സമരമെന്ന്‌  പ്രഖ്യാപിച്ചത്‌.   കോഴിക്കോട്ട്‌‌ നടത്തുന്ന വഖഫ്‌ സംരക്ഷണ സമരത്തിന്‌ ജമാഅത്തടക്കം മറ്റു വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്‌. ശനിയാഴ്‌ച കോഴിക്കോട്ട്‌‌ പരിപാടി നടത്തിപ്പിനായി രഹസ്യയോഗം വിളിച്ചതും ഈ ഉദ്ദേശ്യത്തിലാണ്‌.  ജമാഅത്തെയും എസ്‌ഡിപിഐയും സമരം തുടരുമെന്ന്‌ വെളിപ്പെടുത്തിയതും ലീഗ്‌ സമരപ്രഖ്യാപനത്തിന്‌ പ്രേരണയാണ്‌. പള്ളിസമരത്തിൽ നിന്ന്‌ പിന്മാറുന്നത്‌ പ്രഖ്യാപിക്കും മുമ്പ്‌ സമസ്‌ത നേതൃത്വം കൂടിയാലോചിച്ചില്ലെന്നതിൽ ലീഗിന്‌ അമർഷമുണ്ട്‌. ജിഫ്രി തങ്ങൾ കോഴിക്കോട്‌ ടൗൺഹാളിൽ സമരത്തെ തള്ളിപ്പറയും മുമ്പ്‌ വേദിയിലുണ്ടായിരുന്ന പാണക്കാട്‌ സാദിഖലി തങ്ങളുമായി ചർച്ച ചെയ്‌തില്ലെന്നത്‌ അവരെ അസ്വസ്ഥരാക്കി.  പൗരത്വ ഭേദഗതി ബിൽ പ്രക്ഷോഭത്തിൽ സമസ്‌തയുമായി വിയോജിപ്പ്‌ ശക്തമായിരുന്നു. പൗരത്വ വിഷയത്തിൽ ലീഗിന്റെ എതിർപ്പ്‌ മാനിക്കാതെ  മുഖ്യമന്ത്രിക്കൊപ്പം സമസ്‌ത വേദി പങ്കിട്ടു. സർക്കാരുമായും മുഖ്യമന്ത്രിയുമായും ഏറ്റുമുട്ടലിനില്ലെന്നതാണ്‌ സമസ്‌ത  നിലപാട്‌. പ്രസിഡന്റ്‌ ജിഫ്രി തങ്ങളും  ജനറൽ സെക്രട്ടറി ടി കെ ആലിക്കുട്ടി മുസ്ല്യാരും ഇക്കാര്യം ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ  മുഖ്യമന്ത്രിയുമായി  സമസ്‌ത ചർച്ചക്ക്‌ തയ്യാറായത്‌ ലീഗ്‌ ഉന്നതർക്ക്‌ ഇഷ്ടപ്പെട്ടിട്ടില്ല.  ഈ അതൃപ്‌തി കാര്യമാക്കേണ്ടെന്നാണ്‌ സമസ്‌തയുടെ സമീപനം. പള്ളിസമരം പ്രഖ്യാപിക്കും മുമ്പ്‌ സമസ്‌തയുമായി ചർച്ച ചെയ്‌തിരുന്നില്ലെന്ന്‌‌ അവർ ചൂണ്ടിക്കാട്ടുന്നു. പള്ളികളെ കലാപവേദിയാക്കാൻ കൂട്ടുനിൽക്കാനാവില്ലെന്നതാണ്‌ സമസ്‌തയുടെ ഉറച്ച നിലപാട്‌. സമന്വയത്തിന്റെതാണ്,‌ സമരത്തിന്റെതല്ല  പാത എന്ന്‌ ജിഫ്രി തങ്ങൾ ആവർത്തിച്ചത്‌ ലീഗിനുള്ള മുന്നറിയിപ്പാണ്‌. സംഘടനയിൽ വിഭാഗീയതയുണ്ടാക്കാൻ ലീഗിലെ ചിലർ ശ്രമിക്കുന്നുവെന്ന അഭിപ്രായവും സമസ്‌ത നേതൃത്വത്തിനുണ്ട്‌. Read on deshabhimani.com

Related News